തൃശൂർ: തിരഞ്ഞടുപ്പ് കമ്മിഷനെ നിയമിക്കാനുള്ള അധികാരം ഏറ്റെടുത്ത് ജനാധിപത്യ രീതിയിൽ നടക്കേണ്ട തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ച് രാജ്യത്ത് ഏകാധിപത്യം കൊണ്ടുവരാനാണ് മോദിയുടെ ശ്രമമെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജൻ. കെ. കരുണാകരന്റെ ചരമദിനത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ലീഡർ സ്മൃതിയിൽ സംസാരിക്കുകയായിരുന്നു.
ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള ഉപാധിയാക്കി തിരഞ്ഞെടുപ്പ് കമ്മിഷനെ കേന്ദ്ര സർക്കാർ മാറ്റി. ഇ.വി.എം. മെഷീനിൽ വ്യാപകമായ ക്രമക്കേടാണ് നടക്കുന്നത്, അത് തെളിയിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് അവസരം നൽകാതെ സർക്കാർ ഒളിച്ചു കളിക്കുകയാണ്. രാജ്യത്ത് നിലനിൽക്കുന്ന അപകടകരമായ സാഹചര്യത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നതെന്നും ജി. ദേവരാജൻ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷനായി. ടി.എൻ. പ്രതാപൻ എം.പി മുഖ്യപ്രഭാഷണം നടത്തി. പത്മജ വേണുഗോപാൽ, ഒ. അബ്ദുൽ റഹ്മാൻകുട്ടി, ടി.വി. ചന്ദ്രമോഹൻ, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, കെ.ബി. ശശികുമാർ, എ. പ്രസാദ്, ഐ.പി. പോൾ, സുബി ബാബു, ലോനപ്പൻ ചക്കചാംപറമ്പിൽ, സി.ഒ. ജേക്കബ്, കെ. ഗോപാലകൃഷ്ണൻ, കെ.വി. ദാസൻ, കെ.എച്ച്. ഉസ്മാൻ ഖാൻ, ടി. നിർമ്മല, എം.എസ്. ശിവരാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
നേരത്തെ ലീഡർ അന്ത്യവിശ്രമം കൊള്ളുന്ന പൂങ്കുന്നത്ത് മുരളീ മന്ദിരത്തിലെ സ്മൃതി മണ്ഡപത്തിൽ നിലവിളക്ക് കൊളുത്തി പുഷ്പാർച്ചന നടത്തി. ഡി.സി.സി ഓഫീസിലും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.