കൊടുങ്ങല്ലൂർ: ശ്രീനാരായണഗുരു കൃതികൾ ഭാരതീയ നാട്യകലകളിലൂടെ അവതരിപ്പിക്കുന്ന ദൈവദശകം കൂട്ടായ്മയുടെ എന്റെ ഗുരു പദ്ധതിയുടെ ഭാഗമായി മൂന്നു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന കണ്ണകി ഡാൻസ് ഫെസ്റ്റിന് ഇന്ന് തുടക്കം. 26 വരെ ശ്രീകുരുംബ ഭഗവതീക്ഷേത്രം നവരാത്രി മണ്ഡപത്തിലാണ് ഡാൻസ് ഫെസ്റ്റ്. വൈകീട്ട് 3 മുതൽ 9 വരെ നടക്കുന്ന ഡാൻസ് ഫെസ്റ്റിൽ നടിയും നർത്തകിയുമായ ഡോ. മേതിൽ ദേവിക, കഥക് നർത്തകി വർഷ ശിവപ്രസാദ് എന്നിവരും നൂറിലേറെ നർത്തകരും അരങ്ങിലെത്തും. ശ്രീനാരായണഗുരു രചിച്ച ജനനീ നവരത്‌നമഞ്ജരി, ശിവപ്രസാദ പഞ്ചകം എന്നീ കൃതികൾ വിനീത കലാക്ഷേത്ര, മഞ്ജു വി. നായർ എന്നിവർ ഭരതനാട്യത്തിൽ ചിട്ടപ്പെടുത്തുന്നതിന്റെ സ്വിച്ച് ഓൺ കർമ്മവും ചടങ്ങിൽ നടത്തുമെന്ന് ദൈവദശകം കൂട്ടായ്മ ഭാരവാഹികളായ കലാമണ്ഡലം മാധുരി, വിനീത കലാക്ഷേത്ര, ലിസ ഗിരിവാസൻ, പ്രിയം കലാമണ്ഡലം എന്നിവർ പറഞ്ഞു.