chenthrappinni-

ചെന്ത്രാപ്പിന്നി : ഭക്ഷ്യയോഗ്യമല്ലെന്ന് സിവിൽ സപ്ലൈസ് വകുപ്പ് കണ്ടെത്തിയ 550 കിലോഗ്രാം പഞ്ചസാര കുഴിച്ചുമൂടി. ചെന്ത്രാപ്പിന്നി നമ്പ്രാട്ടിച്ചിറയിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ഇന്നലെ ഉച്ചയോടെ 11 ചാക്ക് പഞ്ചസാര താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ കുഴിച്ചുമൂടിയത്.
ഒന്നര വർഷം മുമ്പ് മതിലകത്ത് അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്നും പാൻ മസാലയും 27 ചാക്ക് പച്ചരിയും 11 ചാക്ക് പഞ്ചസാരയും പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതിൽ അരിയും പഞ്ചസാരയും കോടതി ഉത്തരവ് പ്രകാരം സപ്ലൈകോ ഏറ്റെടുത്ത് എടമുട്ടത്തെ ഗോഡൗണിലേക്ക് മാറ്റി. ഇപ്രകാരം സൂക്ഷിച്ച ഭക്ഷ്യധാന്യങ്ങൾ കാലക്രമേണ ഉപയോഗ ശൂന്യമായി നശിച്ചു പോകാൻ സാദ്ധ്യതയുള്ളതായി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചത് പ്രകാരം അരിയും പഞ്ചസാരയും പൊതുവിപണി വഴിയോ പരസ്യ ലേലം വഴിയോ വിറ്റഴിക്കാൻ കളക്ടർ ഉത്തരവിട്ടിരുന്നു. ലേലത്തിൽ ആരും പങ്കെടുക്കാതിരുന്നതിനാൽ അരി പൊതുവിപണി വഴി വിറ്റഴിച്ചു. എന്നാൽ പഞ്ചസാര ഭക്ഷ്യയോഗ്യമല്ലെന്ന് സപ്ലൈകോ ക്വാളിറ്റി അഷ്വറൻസ് വിഭാഗത്തിന്റെ പരിശോധനയിൽ വ്യക്തമായതോടെ പൊതുവിപണി വഴി വിറ്റഴിക്കാൻ കഴിയാതെ വന്നതോടെയാണ് കളക്ടറുടെ ഉത്തരവ് പ്രകാരം
കുഴിച്ചു മൂടിയതെന്ന് താലൂക്ക് സപ്ലൈ ഓഫീസർ വി.രാജേഷ് പറഞ്ഞു.
എന്നാൽ സപ്ലൈക്കോയിൽ അവശ്യ സാധനങ്ങൾ പോലും കിട്ടാത്ത സാഹചര്യത്തിൽ പതിനൊന്ന് ചാക്ക് പഞ്ചസാര കാലതാമസം വരുത്തി ഉപയോഗ ശൂന്യമാക്കി നശിപ്പിച്ച നടപടി ഉദ്യോഗസ്ഥരുടെ അലംഭാവമാണെന്ന് കോൺഗ്രസ് ചെന്ത്രാപ്പിന്നി മണ്ഡലം പ്രസിഡന്റ് ഉമറുൽ ഫാറൂഖ് കുറ്റപ്പെടുത്തി. വിവരമറിഞ്ഞ് സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തി.