1

തൃശൂർ: വിവേകോദയം ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് 26ന് പത്തിന് ഹയർ സെക്കൻഡറി വിഭാഗം പൂർവ വിദ്യാർത്ഥി സംഗമം നടത്തുമെന്ന് അലുമ്‌നി സംഘടനാ പ്രസിഡന്റ് കെ.പി. അപർണ, സെക്രട്ടറി സി. ശ്യാംകുമാർ എന്നിവർ അറിയിച്ചു. ഗുരുവന്ദനത്തിൽ അദ്ധ്യാപകരെ പൂർവ വിദ്യാർത്ഥികൾ ആദരിക്കും. വിവേകോദയം സമാജം മുൻ പ്രസിഡന്റ് പി.എൻ. കൃഷ്ണയ്യരുടെ സ്മരണാർത്ഥം പി.എസ്.എൻ ട്രസ്റ്റിന്റെ സഹായത്തോടെ നവീകരിച്ച സ്റ്റേജ് ട്രസ്റ്റ് ഡയറക്ടറും പൂർവ വിദ്യാർത്ഥിയുമായ അനന്തരാമൻ വിദ്യാലയത്തിന് സമർപ്പിക്കും. ജൂബിലി ആഘോഷിക്കുന്ന മാതൃവിദ്യാലയത്തിന് 25 ലക്ഷം രൂപ സമാഹരിച്ച് ഗുരുദക്ഷിണയായി സമർപ്പിക്കുമെന്ന് അലുമ്‌നി അസോസിയേഷൻ അറിയിച്ചു. സമാജം പ്രസിഡന്റ് അഡ്വ. കെ. മാധവനുണ്ണി അദ്ധ്യക്ഷനാകും. സെക്രട്ടറി സുരേഷ് കുമാർ, കൗൺസിലർ പൂർണിമ സുരേഷ്, പ്രിൻസിപ്പൽ ടി.എസ്. പദ്മജ, പി.ടി.എ പ്രസിഡന്റ് സുനിൽകുമാർ എന്നിവർ സംസാരിക്കും.