ചാലക്കുടി: അതിപുരാതനമായ മോതിരക്കണ്ണി മണ്ണുംപുറം ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം ഡിസം. 25 മുതൽ 27 വരെ ആഘോഷിക്കും. 25ന് വൈകിട്ട് 5ന് താലം വരവ്, തുടർന്ന് ഏഴിന് തെയ്യം അവതരണം എന്നിവ നടക്കും. പൊട്ടൻ ദൈവം, വിഷ്ണുമൂർത്തി, രക്ത ചാമുണ്ഡി എന്നീ വേഷങ്ങൾ കെട്ടിയാടുന്ന തെയ്യം അത്യപൂർവ്വ അനുഭവമാകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വടക്കൻ മലബാറിലെ അനുഷ്ഠാന കല ഒരു രാത്രി മുഴുവൻ മോതിരക്കണ്ണി ക്ഷേത്ര മൈതാനിയിൽ നിറഞ്ഞാടും. നൂറു കണക്കിന് അമ്മമാർ താലംവരവിൽ പങ്കെടുക്കും. 26ന് വൈകിട്ട് തിരുവാതിര ആചരണം ആർദ്രോത്സവം നടക്കും. എട്ടങ്ങാടി നിവേദിക്കൽ, ഊഞ്ഞാലാട്ടം, പൂനിറക്കൽ, അഷ്ടമാംഗല്യം ഒരുക്കൽ എന്നിവയാണ് ചടങ്ങുകൾ. 27ന് രാവിലെ 7.30ന് പഞ്ചവാദ്യം, 10.30ന് ഓട്ടൻതുള്ളൽ, വൈകീട്ട് തിരുവാതിരക്കളി എന്നിവയുണ്ടാകും. വിവിധ കരകളിലെ 20ൽപരം സംഘങ്ങൾ തിരുവാതിരക്കളിയിൽ പങ്കെടുക്കും. പ്രസിഡന്റ് കെ.ബി.അജോഷ്, സെക്രട്ടറി പി.പി.സദാനന്ദൻ, മാതൃസമിതി പ്രസിഡന്റ് സീന ദേവദാസ്, കെ.യു.ബാലകൃഷ്ണൻ, പത്മനാഭൻ കൈനിക്കര എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.