കുന്നംകുളം: തദ്ദേശ സ്ഥാപനങ്ങളിൽ ഫയൽ രഹിത സേവനം നടപ്പിലാക്കാനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കെ - സ്മാർട്ട് ഡിജിറ്റലൈസ് സംവിധാനം ജനുവരി ഒന്ന് മുതൽ കുന്നംകുളം നഗരസഭയിൽ നിലവിൽ വരും. നഗരസഭ പ്രത്യേക കൗൺസിൽ യോഗത്തിൽ ഇതിനുള്ള ധാരണയായി.
അപേക്ഷ തരുന്നത് മുതൽ നഗരസഭയിൽ നിന്ന് സേവനം ലഭിക്കുന്നത് വരെ അപേക്ഷകൻ നേരിട്ട് വരേണ്ടതില്ല എന്നതാണ് കെ-സ്മാർട്ട് സോഫ്റ്റ് വെയർ കൊണ്ടുദ്ദേശിക്കുന്നത്. സോഫ്റ്റ് വെയർ സംവിധാനം മികച്ച രീതിയിൽ നടപ്പിലാക്കാനും പൊതുജനങ്ങൾക്ക് അവബോധം സൃഷ്ടിക്കാനുമായി ജനുവരി 1 ന് മുമ്പ് നഗരസഭയിൽ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ ആരംഭിക്കും. നഗരസഭയിലെ ഉദ്യോഗസ്ഥരെ ഇതിനായി വിന്യസിപ്പിക്കും. പുതിയ പദ്ധതിയായതിനാൽ ജനങ്ങൾക്കുണ്ടാകുന്ന ആശങ്ക പരിഹരിക്കാനായി അതത് വാർഡുകളിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്ക് അപേക്ഷ സമർപ്പിക്കാനായി കെ- സ്മാർട്ട് രജിസ്‌ട്രേഷൻ ആരംഭിക്കും. ഇതിലൂടെ കേരളത്തിലെ ഏതൊരു നഗരസഭ, കോർപ്പറേഷനുകളിലേക്ക് അപേക്ഷ ഓൺലൈനായി സമർപ്പിക്കാനാകും. ആധാർകാർഡ്, മൊബൈൽഫോൺ എന്നിവയുടെ ലിങ്ക് സംവിധാനവും ഇതിനായി ഉപയോഗപ്പെടുത്തും.
കെ- സ്മാർട്ട് പദ്ധതിയുടെ ഡാറ്റാ പോർട്ടിംഗ് പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി നഗരസഭയിൽ നിന്നു ലഭിക്കുന്ന സേവനങ്ങളായ ജനന- മരണ വിവാഹ രജിസ്‌ട്രേഷൻ, വസ്തു നികുതി, കെട്ടിട നിർമ്മാണ പെർമിറ്റ്, പൊതുജന പരാതി പരിഹാരം, വ്യാപാര ലൈസൻസ്, അപേക്ഷകൾ, ബില്ലുകൾ മുതലായവ ഡിസംബർ 27 മുതൽ 5 ദിവസത്തേക്ക് തടസപ്പെടുമെന്നും സഹകരിക്കണമെന്നും സെക്രട്ടറി വി.എസ്.സന്ദീപ്കുമാർ അറിയിച്ചു. ചെയർപേഴ്‌സൺ സീത രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലിൽ ക്രിസ്മസ് പുതുവത്സരാഘോഷം നടത്തി. ചെയർപേഴ്‌സൺ സീത രവീന്ദ്രൻ, വൈസ് ചെയർപേഴ്‌സൺ സൗമ്യ അനിലൻ, എ.എസ്.സുജീഷ്, ബിജു സി.ബേബി, ബീന രവി, ഗീത ശശി തുടങ്ങിയവർ സംസാരിച്ചു.