തൃശൂർ: തൃശൂർ പൂരം നടത്തിപ്പിനെച്ചൊല്ലി കൊച്ചിൻ ദേവസ്വം ബോർഡും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളും തമ്മിലുള്ള തർക്കം ഒത്തുതീർപ്പിലെത്തുമെന്ന് സൂചന. ഇന്ന് (ഞായർ) ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ രാമനിലയത്തിൽ നടക്കുന്ന ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നിലാകും ചർച്ച. ഒത്തുതീർപ്പിനായി തറവാടകയിൽ ഇളവു വരുത്തിയേക്കും. ഒത്തുതീർപ്പ് ശ്രമങ്ങൾ തുടങ്ങിയെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചതിനെത്തുടർന്ന് ഇതു സംബന്ധിച്ച കേസ് ജനുവരി മൂന്നിന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റി. അതിനുമുൻപേ പ്രശ്‌നം പരിഹരിക്കാനാണ് ശ്രമം.
തേക്കിൻകാട് മൈതാനത്തെ ആറേക്കറിൽ പൂരം എക്‌സിബിഷൻ നടത്തുന്നതിനുള്ള തറവാടക വർദ്ധിപ്പിച്ചതിനെത്തുടർന്ന് പൂരം, ചടങ്ങ് മാത്രമാക്കേണ്ടി വരുമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ ഭീഷണി ഉയർത്തിയിരുന്നു. കഴിഞ്ഞ വർഷം 39 ലക്ഷം രൂപയായിരുന്ന വാടക ഇക്കുറി 2.20 കോടി രൂപയാക്കിയതാണ് പ്രശ്‌നം സൃഷ്ടിച്ചത്. ഹൈക്കോടതി നിർദേശപ്രകാരമാണ് വാടക കൂട്ടിയതെന്നും കുറയ്ക്കാൻ ഉദ്ദേശിക്കുന്നുമില്ലെന്നുമായിരുന്നു ബോർഡ് നിലപാട്.
തുച്ഛമായ തുകയ്ക്ക് ലഭിക്കുന്ന മൈതാനം വൻതുകയ്ക്ക് വാടകയ്ക്ക് നൽകി എക്‌സിബിഷൻ കമ്മിറ്റി വലിയ നേട്ടമുണ്ടാക്കുന്നുവെന്നും ഇരുദേവസ്വങ്ങൾക്കും ഇതിന്റെ വിഹിതം നൽകുന്നുണ്ടെങ്കിലും കൃത്യമായ കണക്കുകൾ സമർപ്പിക്കുന്നില്ലെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. ദേവസ്വത്തിന്റെ ഓഡിറ്റ് റിപ്പോർട്ടുകളിലും സമാനമായ പരാമർശങ്ങളുണ്ട്. വാടകത്തർക്കം പൂരം എക്‌സിബിഷനിൽ നിന്നും 1.60 കോടി വീതം രണ്ട് സ്വകാര്യ ദേവസ്വങ്ങൾക്ക് വീതിച്ച ശേഷവും പൂരച്ചെലവും കഴിഞ്ഞ് 2022ൽ 11 ലക്ഷം ലാഭമുണ്ടായെന്നുമാണ് ദേവസ്വം വാദം.
2022ൽ 5.44 കോടിയും 2023ൽ 7.04 കോടിയുമാണ് എക്‌സിബിഷന്റെ കമ്മിറ്റി അവകാശപ്പെടുന്ന വരവ്. പുറമേ ആനകൾക്കും മേളത്തിനും വെടിക്കെട്ടിനും ഉൾപ്പടെ ഭൂരിഭാഗം പരിപാടികൾക്കും സപോൺസർഷിപ്പുകൾ ലഭിക്കുമെങ്കിലും ഇതിന്റെ കണക്കുകൾ ദേവസ്വത്തിന് നൽകാറില്ല.
ഒത്തുതീർക്കാൻ ശ്രമം
പൂരത്തിന്റെ പേരിൽ അനാവശ്യവും അസത്യവുമായ പ്രചാരണങ്ങളാണ് നടക്കുന്നത്. ചർച്ചകൾക്ക് ദേവസ്വം തയ്യാറാണ്. ഒത്തുതീർപ്പുണ്ടാകുമെന്നാണ് പ്രതീക്ഷ.
- ഡോ. എം.കെ.സുദർശനൻ, പ്രസിഡന്റ്, കൊച്ചിൻ ദേവസ്വം ബോർഡ്