തൃശൂർ: നവകേരള സദസിന്റെ ഭാഗമായി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ച ഫ്ലക്‌സ് മെറ്റീരിയലുകൾ കൊണ്ട് ഗ്രോ ബാഗുകൾ നിർമ്മിച്ച് തദ്ദേശസ്വയംഭരണ വകുപ്പ്. ഫ്‌ളക്‌സ് മെറ്റീരിയലുകൾ പുനരുപയോഗിച്ച് നിർമ്മിച്ച ഗ്രോ ബാഗുകളുടെ പ്രകാശനം കളക്ടർ വി.ആർ. കൃഷ്ണ തേജ നിർവഹിച്ചു. 'മാലിന്യമുക്ത നവകേരളം' പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് തയ്യാറാക്കിയ ഷോർട്ട് ഫിലിം എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ അരുൺ രംഗൻ പ്രകാശനം ചെയ്തു. തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ അരുൺ രംഗൻ, സീനിയർ സൂപ്രണ്ട് സിന്ധു, ആർ.ജി.എസ്.എ ജില്ലാ പ്രോഗ്രാം മാനേജർ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് എക്‌സ്‌പേർട്ട്, ആർ.ജി.എസ്.എ. ബ്ലോക്ക് പ്രോഗ്രാം കോ- ഓർഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.
നിർമ്മിച്ചത് 500 ഗ്രോ ബാഗുകൾ
മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി റെഡ്യൂസ്, റീ യൂസ്, റീ സൈക്കിൾ എന്ന മാലിന്യ സംസ്‌കരണ ലക്ഷ്യത്തെ പ്രാവർത്തികമാക്കിയാണ് ' ഫ്രം ഫ്‌ളക്‌സ് ടു ഗ്രോ ബാഗ് ' എന്ന പദ്ധതിയിലൂടെ ഗ്രോ ബാഗ് നിർമ്മിച്ചത്. തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയവും രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാൻ പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റും സംയുക്തമായാണ് ' ഫ്രം ഫ്‌ളെക്‌സ് ടു ഗ്രോ ബാഗ് ' എന്ന പദ്ധതി സംഘടിപ്പിച്ചത്. ആർ.ജി.എസ്.എ ബ്ലോക്ക് പ്രോഗ്രാം കോ- ഓർഡിനേറ്റർമാരുടെ നേതൃത്വത്തിൽ ശേഖരിച്ച ഫ്‌ളെക്‌സുകൾ കൊണ്ട് 500 ഓളം ഗ്രോ ബാഗുകളാണ് നിർമ്മിച്ചത്. ഗ്രോ ബാഗുകൾ പൊതുജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യും.