തൃശൂർ: ക്രിസ്മസിന് മുൻപേ വിനോദകേന്ദ്രങ്ങൾ അറ്റകുറ്റപ്പണി പൂർത്തിയാക്കി ലൈവായതോടെ മുൻവർഷങ്ങളേക്കാൾ തിരക്കും കുരുക്കും ഉറപ്പായി. പലയിടങ്ങളിലും റാേഡ് നിർമ്മാണം നടക്കുന്നുണ്ട്. തൃശൂർ - കുന്നംകുളം പാതയിൽ പുഴയ്ക്കൽ ഭാഗത്ത് ഏറെയും ഒറ്റവരിയിലാണ് ഗതാഗതം.
പൊലീസിന്റെ ഗതാഗതക്രമീകരണം പാളുന്നതാണ് കഴിഞ്ഞദിവസം നഗരത്തിലും മറ്റും കണ്ടത്. ഹോം ഗാർഡുകളാണ് മിക്ക വിനോദകേന്ദ്രങ്ങളിലും ഗതാഗതം നിയന്ത്രിക്കുന്നത്. പൊലീസിലെന്ന പോലെ ഹോംഗാർഡുകളുടെ അംഗബലവും കുറവാണ്. അതിനാൽ തിരക്ക് നിയന്ത്രിക്കാൻ നട്ടം തിരിയുകയാണ്.
വിനോദകേന്ദ്രങ്ങൾ പുനർനിർമ്മാണം നടത്തിയെങ്കിലും അവിടങ്ങളിലേക്കുള്ള റോഡിന്റെ അവസ്ഥ അതിദയനീയമാണ്. ഡി.ടി.പി.സിയുടെ കീഴിലെ വിലങ്ങൻ കുന്നിലേക്കുളള രണ്ട് കിലോമീറ്ററിലേറെ ദൂരമുളള റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. കഴിഞ്ഞ ഓണാവധിക്കാലത്ത് ആയിരക്കണക്കിന് കുടുംബങ്ങൾ എത്തിയതോടെ മണിക്കൂറുകളാേളം വാഹനങ്ങൾ വഴിയിൽ കുടുങ്ങിയിരുന്നു. കുഴിയിൽ വീണ് പല കാറുകൾക്കും തകരാറും സംഭവിച്ചു.
ഫ്ലോട്ടിംഗ് ബ്രിഡ്ജ് വീണ്ടും
ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ ടൂറിസം വകുപ്പിന്റെ കീഴിൽ ബീച്ച് ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള ഫ്ലോട്ടിംഗ് ബ്രിഡ്ജിന്റെ പ്രവർത്തനം ശനിയാഴ്ച വീണ്ടും തുടങ്ങിയിരുന്നു. കഴിഞ്ഞ മാസം ബീച്ചിലുണ്ടായ ശക്തമായ വേലിയേറ്റത്തെത്തുടർന്നാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജിന്റെ പ്രവർത്തനം താത്കാലികമായി നിറുത്തിയത്. ശക്തമായ തിരയടിച്ച് ബ്രിഡ്ജിന്റെ ഒരു ഭാഗം വേർപ്പെട്ടിരുന്നു. എന്നാൽ ശക്തമായ തിരയെത്തുടർന്ന് ബ്രിഡ്ജ് കരയിലേക്ക് കയറ്റിവയ്ക്കാൻ അഴിച്ചെടുക്കുകയായിരുന്നുവെന്നാണ് നടത്തിപ്പ് ചുമതലയുള്ളവരും ഡി.എം.സി അധികൃതരും അറിയിച്ചത്. മുമ്പ് ഉണ്ടായിരുന്നിടത്ത് തന്നെയാണ് ബ്രിഡ്ജ് വീണ്ടും ഒരുക്കിയിട്ടുള്ളത്. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ടൂറിസം വകുപ്പിന് കീഴിൽ ബ്രിഡ്ജ് ഒരുക്കിയത്.
അവസാന ക്രിസ്മസിൽ മൃഗശാല
പുത്തൂർ സുവോളജിക്കൽ പാർക്ക് ഏതാനും മാസങ്ങൾക്കകം തുറക്കാൻ സാദ്ധ്യതയുളളതിനാൽ തൃശൂർ മൃഗശാലയ്ക്ക് ഇത് അവസാന ക്രിസ്മസ് അവധിക്കാലമാകും. ക്രിസ്മസ് ദിനത്തിൽ കാഴ്ചബംഗ്ലാവും മൃഗശാലയും തുറന്നു പ്രവർത്തിക്കും. കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ മാനദണ്ഡ പ്രകാരം ആഴ്ചയിലൊരിക്കൽ മൃഗശാല അടച്ചിടേണ്ടതിനാൽ ഡിസംബർ 27ന് മൃഗശാല അടച്ചിടാൻ മ്യൂസിയം മൃഗശാല വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. അന്നേദിവസം സ്ഥാപനത്തിലെ വിവിധോദ്ദേശ മ്യൂസിയവും ആർട്ട് മ്യൂസിയവും തുറന്നു പ്രവർത്തിക്കും. മൃഗശാലയിൽ പ്രവേശനം ഉണ്ടായിരിക്കില്ല.