
തൃശൂർ: പാണഞ്ചേരി പൂവഞ്ചിറയിൽ കാട്ടാനക്കൂട്ടമിറങ്ങി കർഷകരുടെ പറമ്പുകളിലെയും തോട്ടങ്ങളിലെയും വാഴകളും തെങ്ങും നശിപ്പിച്ചു. വൈക്കം ചാക്കോച്ചന്റെ വീട്ടുവളപ്പിലാണ് കാട്ടാനകളിറങ്ങിയത്. വർഷങ്ങളായി വന്യമൃഗശല്യം പൂവഞ്ചിറ മേഖലയിലുണ്ട്. കഴിഞ്ഞവർഷവും കാട്ടാന ആക്രമണത്തിൽ വ്യാപക കൃഷിനാശമുണ്ടായിരുന്നു. പത്തിലേറെ ആനകളാണ് ഒന്നിച്ചെത്തി കൃഷി നശിപ്പിച്ചത്.
വേനൽച്ചൂട് കടുക്കാൻ തുടങ്ങിയതോടെയാണ് കാട്ടാനകൾ നാട്ടിലിറങ്ങുന്നതെന്നാണ് നിഗമനം. വേനൽക്കാലത്ത് കാട്ടിൽ വെള്ളം കുറയുമ്പോൾ നാട്ടിലേയ്ക്ക് കാട്ടാനകൾ ഇറങ്ങാറുണ്ട്. കൃഷി നശിച്ചവർക്കെല്ലാം സർക്കാർ നഷ്ടപരിഹാരം നൽകണമെന്നാണ് കർഷകരുടെ ആവശ്യം. പി.എം.പി കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് റോയ് ദേവസി, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പൗലോസ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.