anujsree

വടക്കാഞ്ചേരി: മച്ചാടിന്റെ കൊമ്പ് വാദനത്തിൽ ഇനി പെൺപെരുമയും. തൃശൂർ പൂരത്തിൽ പാറമേക്കാവിന്റെ കൊമ്പ് പ്രമാണിയായ മച്ചാട് രാമചന്ദ്രന്റെ ശിക്ഷണത്തിൽ കൊമ്പ് വാദനം അഭ്യസിച്ച ഏഴാം ക്ലാസുകാരിയായ അനുശ്രീയാണ് മണലിത്തറ അയ്യപ്പൻകാവ് ക്ഷേത്രത്തിൽ അരങ്ങേറ്റം കുറിച്ചത്.

മേളത്തിലായാലും പഞ്ചവാദ്യത്തിലായാലും തിമില, ചെണ്ട, ഇടയ്ക്ക എന്നിവയിലെല്ലാം സ്ത്രീകൾ ഏറെ തിളങ്ങാറുണ്ടെങ്കിലും കൊമ്പ് അഭ്യസിക്കുന്നവർ വിരളം. നാലു മാസത്തെ തുടർച്ചയായ സാധകത്തിന് ശേഷമാണ് അരങ്ങേറ്റം കുറിച്ചത്. ക്ഷേത്രവാദ്യങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത ഇനങ്ങളിൽ ഒന്നായ കൊമ്പിൽ കേരളത്തിൽ തന്നെ പ്രശ്‌സതിയുള്ള നാടാണ്. തൃശൂർ പൂരത്തിലടക്കം മിക്ക ഉത്സവാഘോഷങ്ങളിലും മച്ചാടിന്റെ കൊമ്പ് പെരുമ പ്രശസ്തം.
പഞ്ചവാദ്യത്തിൽ കൊമ്പിന് പ്രധാന്യം നൽകുന്നതിൽ ഏറെ പങ്കുവഹിച്ച ഗുരുവായൂർ കലാനിലയത്തിലെ ആശാനായിരുന്ന മച്ചാട് അപ്പുനായർ, പിൻതലമുറക്കാരായ മച്ചാട് രാമകൃഷ്ണൻ, മച്ചാട് ഉണ്ണിക്കൃഷ്ണൻ, മച്ചാട് കുട്ടപ്പൻ, മച്ചാട് മണികണ്ഠൻ, മച്ചാട് രാമചന്ദ്രൻ എന്നിവരെല്ലാം കൊമ്പ് വാദനത്തിലെ പ്രശ്‌സ്തരാണ്. മച്ചാട് മാമാങ്കത്തിലെ പറയെടുപ്പിൽ കൊമ്പും കുഴലും മാത്രമാണ് ഉപയോഗിക്കാറുള്ളത്.

അനുശ്രീക്ക് പുറമേ ഒമ്പത് പേർ കൂടി അരങ്ങേറ്റം കുറിച്ചിരുന്നു. പുന്നംപറമ്പ് ഗവ. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ അനുശ്രീ കക്കാട് ശ്രീകൃഷ്ണന്റെയും രജിതയുടെയും മകളാണ്. മണലിത്തറ പൈതൃക കളരി കൊമ്പ് വാദന പരിശീലനത്തിന് വേദിയൊരുക്കിയത്.