arrest

ചാലക്കുടി: ഗവ.ഐ.ടി.ഐ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആഹ്‌ളാദ പ്രകടനത്തിനിടെ പൊലീസിനെ ആക്രമിക്കുകയും ജീപ്പ് തകർക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ. നിർമ്മൽ, അഫ്‌സൽ എന്നിവരാണ് അറസ്റ്റിലായത്. എസ്.എഫ്.ഐ പ്രവർത്തകരായ ഇവരെ കൊടുങ്ങല്ലൂർ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഇതോടെ ചാലക്കുടി സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ശനിയാഴ്ച വൈകിട്ട് അറസ്റ്റ് രേഖപ്പെടുത്തിയ ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് നിതിൻ പുല്ലനെയും കോടതി റിമാൻഡ് ചെയ്തു. സി.പി.എം ചാലക്കുടി ഏരിയാ സെക്രട്ടറി കെ.എസ്.അശോകൻ, കമ്മിറ്റിയംഗം ജിൽ ആന്റണി എന്നീ നേതാക്കളും കേസിൽ പ്രതികളാണ്. കണ്ടാലറിയാവുന്ന ഇരുപതോളം പ്രവർത്തകരെയും പ്രതി ചേർത്തു.

ശനിയാഴ്ച നഗരത്തിൽ പ്രകടനം നടത്തി ഗതാഗത സ്തംഭനമുണ്ടാക്കിയ സംഭവത്തിലും പൊലീസ് മൂന്ന് കേസ് രജിസ്റ്റർ ചെയ്തു. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് കേസ്. അതേസമയം എസ്.എഫ്.ഐ നിശിതമായി വിമർശനം ഉന്നയിച്ച ചാലക്കുടി എസ്.ഐ അഫ്‌സൽ അവധിയിലാണ്. സംഭവം വിവാദമായതോടെ റൂറൽ ജില്ല എസ്.പി നിർദ്ദേശിച്ച പ്രകാരമാണ് അവധിയെന്ന് പറയുന്നു.