
കൊടുങ്ങല്ലൂർ: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ നടന്ന കരോൾ മത്സര ഘോഷയാത്ര വർണശബളം. നിരവധിയായ കുട്ടികളും മുതിർന്നവരും സാന്റാ വേഷമണിഞ്ഞത് പ്രദേശത്തെ ചുവപ്പ് അണിയിച്ചു. കത്തീഡ്രൽ അങ്കണത്ത് നിന്നും ആരംഭിച്ച ഘോഷയാത്രയിൽ 35 കുടുംബ യൂണിറ്റിൽ നിന്നുള്ള പാപ്പാമാർ അണിനിരന്നു. ആന്റണി കുരിശിങ്കൽ ഫ്‌ളാഗ് ഓഫ് ചെയ്തു.
കത്തീഡ്രൽ വികാരി ഫാ.ജാക്‌സൺ വലിയപറമ്പിൽ നേതൃത്വം നൽകി. സമാപനസമ്മേളനത്തിൽ വിജയികൾക്ക് നിയുക്ത മെത്രാൻ ഡോ.അംബ്രോസ് പുത്തൻ വീട്ടിൽ സമ്മാനം വിതരണം ചെയ്തു. കാര മൗണ്ട് കാർമ്മൽ ദേവാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ ക്രിസ്മസ് ആഘോഷം ക്രിസ്‌ബെൽ ഈവ് എന്ന പേര് അക്ഷരാർത്ഥത്തിൽ നാടിനെ ഉത്സവലഹരിയിലാക്കി.
ഉണ്ണിയേശുവിന്റെ പിറവിയെ അനുസ്മരിക്കുന്ന നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും വസ്ത്രധാരണവും നാടിന് മിഴിവേകി. വികാരി ഫാ.ജോയ് തേലക്കാട്ട്, ജനപ്രതിനിധികളായ ബെന്നി ബെഹനാൻ എം.പി, എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ് നിഷാ അജിതൻ, സഹവികാരി ഫാ.വിബിന്റെ സെബാസ്റ്റ്യൻ, ഇടവക പാരിഷ് കൗൺസിൽ അംഗങ്ങൾ, കേന്ദ്രസമിതി അംഗങ്ങൾ, ഇടവക കുടുംബയൂണിറ്റ്, ഭാരവാഹികൾ, കൈക്കാരന്മാർ, യുവജനസംഘടനകൾ തുടങ്ങിയവർ നേതൃത്വം കൊടുത്തു.