തൃപ്രയാർ: നട്ടാൽ കുരുക്കാത്ത പച്ചനുണകൾ ആവർത്തിച്ച് സത്യമാക്കി മാറ്റാനാകുമോ എന്നുള്ള പരിശ്രമത്തിലാണ് കേന്ദ്ര ഭരണാധികാരികൾ എന്ന് വൈശാഖൻ പറഞ്ഞു. നാട്ടിക ശ്രീനാരായണ കോളജിലെ പൂർവ്വകാല കെ.എസ്.എഫ്, എസ്.എഫ്.ഐ പ്രവർത്തകരുടെ കുടുംബസംഗമം മനുഷ്യരുണരുമ്പോൾ തൃപ്രയാർ ടി.എസ്.ജി.എ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു വൈശാഖൻ.

തലയിൽ കളിമണ്ണുള്ളവർ മാത്രം വിശ്വസിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന വിഡ്ഢിത്തരങ്ങളാണ് അവർ നിത്യേന പ്രസ്താവിക്കുന്നത്. ചരിത്രത്തെയും സംസ്കാരത്തെയും അവർ കാവിയണിക്കുന്നു. വ്യാജബിംബ നിർമ്മിതിയിലൂടെയാണ് ഫാസിസം അതിന്റെ ആശയ പ്രചാരണം സാധ്യമാക്കുന്നത്. ശാസ്ത്രചിന്തയും യുക്തിബോധവും ഉയർത്തിപ്പിടിച്ചേ ഇതിനെ ചെറുക്കാനാകൂവെന്നും വൈശാഖൻ പറഞ്ഞു. എം.എ.ഹാരിസ് ബാബു അദ്ധ്യക്ഷനായി. അശോകൻ ചരുവിൽ മുഖ്യപ്രഭാഷണം നടത്തി. പി.ആർ.കറപ്പൻ, ഭാരതി കൃഷ്ണൻ എന്നിവരെ ആദരിച്ചു.

കെ.വി.പീതാംബരനുള്ള മരണാനന്തര ബഹുമതി ഭാര്യ സരസു പീതാംബരൻ ഏറ്റുവാങ്ങി. ചുവപ്പാണെന്റെ പേര് എന്ന ബുള്ളറ്റിൻ പ്രൊ.എം.വി.മധു, ഡോ.കെ.ആർ.ബീനയ്ക്ക് നൽകി പ്രകാശനം ചെയ്തു. സാംസ്കാരിക സദസ് കവി പി.എൻ.ഗോപീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സിനിമാ സംവിധായകൻ പ്രിയനന്ദനൻ, സി.എസ്.ചന്ദ്രിക, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, സജീവ് നമ്പിയത്ത്, ഡോ.കെ.ആർ.ബീന, പി.സലിംരാജ്, അഡ്വ.അജിത് മാരാത്ത് എന്നിവർ സംസാരിച്ചു.

പാട്ടുസദസ്സിന് എം.എ.റിയാദ്, എ.വി.സതീഷ്, ഏങ്ങണ്ടിയൂർ കാർത്തികേയൻ എന്നിവർ നേതൃത്വം നൽകി. ഭരത് ആർ.നായരുടെ വയലിൻ, ഗോപിക നന്ദനയുടെ നൃത്തം, സജീവ് നമ്പിയത്തിന്റെ തീയേറ്റർ പെർഫോമൻസ്, ടി.എസ്.സന്തോഷിന്റെ കാരിക്കേച്ചർ രചന, തിരുവാതിരക്കളി, സാർവദേശീയഗാനം, പ്രതിരോധജ്വാല എന്നിവ അരങ്ങേറി.