തൃശൂർ: ചരിത്രപ്രാധാന്യമുള്ള തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിലെ തെക്കെഗോപുരനടയെ കണ്ണാടിക്കൂട്ടിൽ 'പ്രതിഷ്ഠിച്ച്' ഇരിങ്ങാലക്കുട മാപ്രാണം കൊടുങ്ങല്ലൂർ ഹൗസിൽ നജിൽ. തെക്കെഗോപുരത്തിന്റെ ചെറുരൂപമാണ് (മിനിയേച്ചർ) തനിമയും സൂക്ഷ്മാംശങ്ങളും നഷ്ടപ്പെടാതെ 13 മാസം കൊണ്ട് പൂർത്തിയാക്കിയത്.
വീട്ടിൽ സൂക്ഷിച്ചിരുന്ന മിനിയേച്ചർ ചൊവ്വാഴ്ച വടക്കുന്നാഥ ക്ഷേത്രനടയിൽ പ്രദർശിപ്പിച്ചിരുന്നു. ഗോപുരത്തിന് ഒന്നര അടിയോളം ഉയരവും രണ്ടടിയോളം വീതിയുമേ ഉള്ളൂ. നടപ്പാതയും പരിസരവും ഉൾപ്പെടെ ഒരു മീറ്റർ നീളവും വീതിയുമുണ്ട്. ഇതിനെ ഉയർന്ന പീഠത്തിൽ വൈദ്യുതാലങ്കാരത്തോടെയാണ് നജിൽ (36) പ്രദർശിപ്പിച്ചത്.
ഭൂരിഭാഗവും നിർമ്മിച്ചത് ഫോറെക്‌സ് ഷീറ്റിലാണ്. സ്‌പോഞ്ച്, പെയിന്റ്, കെട്ടുകമ്പി, പുട്ടി, ടേപ്പ് തുടങ്ങിയവയും ഉപയോഗിച്ചു. മേൽക്കൂര, ജനൽ, കളിവാതിൽ, പഞ്ചവർഗത്തറ, വ്യാളി, ബാലകൂടം. കഴുക്കോൽ, ഘനദ്വാരം, മുഖപ്പ് തുടങ്ങിയ ഗോപുരഭാഗങ്ങളെല്ലാം ഫോട്ടോയെടുത്ത് സൂം ചെയ്ത് നോക്കിയും നേരിൽ കണ്ടും പഠിച്ചു. ഗോപുരത്തിന് മുമ്പിലെ തിരക്കില്ലാത്ത ഒരു ദിവസത്തിന്റെ പുനരാവിഷ്‌കരത്തിൽ ഏതാനും സന്ദർശകരെയും കാണാം. ഗോപുരത്തിന് മുമ്പിലെ നോട്ടീസ് ബോർഡ്, വശത്തെ ആനപ്പള്ള മതിൽ തുടങ്ങിയവയും സൂക്ഷ്മമായി നിർമ്മിച്ചിട്ടുണ്ട്. പഴമ പ്രകടമാക്കാനുതകുന്ന നിറങ്ങൾ ഉപയോഗിച്ചു.
2019 നവംബറിൽ നിർമ്മാണം തുടങ്ങിയെങ്കിലും ജോലിതേടി വിദേശത്ത് പോകേണ്ടിവന്നു. പിന്നീട് തിരിച്ചെത്തിയാണ് പൂർത്തിയാക്കിയത്. ഈഫൽ ടവർ, താജ്മഹൽ, ടൈറ്റാനിക് കപ്പൽ, ലണ്ടൻ ബ്രിഡ്ജ്, ലൂസിഫർ സിനിമയിലെ പള്ളി തുടങ്ങി ധാരാളം മിനിയേച്ചറുകളുണ്ടാക്കി. ഈഫൽ ടവർ ഈർക്കിലികൊണ്ടാണ് നിർമ്മിച്ചത്.
മിനിയേച്ചർ കമ്പം നാലാംക്‌ളാസ് മുതൽ
ചിത്രരചനയിലെ താത്പര്യത്തെ തുടർന്നാണ് നാലാംക്‌ളാസ് മുതൽ മിനിയേച്ചർ നിർമ്മാണത്തിലെത്തിയത്. അമ്മാവൻ വിദേശത്ത് നിന്ന് കൊണ്ടുവന്ന വലിയ ചക്രങ്ങളുള്ള കാറിന്റെ കളിപ്പാട്ടം തകർന്നപ്പോൾ പീരങ്കിയുണ്ടാക്കിയാണ് തുടക്കം. പ്ലസ് ടുക്കാരനായ നജിലിന് സ്‌കൂൾ പഠനകാലത്ത് സ്റ്റിൽ മോഡലിംഗിൽ ഒന്നാം സ്ഥാനം കിട്ടിയിട്ടുണ്ട്.
ചരിത്രത്തിലും പഴമയിലുമാണ് താത്പര്യം. ചിത്രത്തേക്കാൾ മിനിയേച്ചറുകൾ സംതൃപ്തി നൽകുന്നു.
- നജിൽ