തൃശൂർ: തൃശൂർ പൗരാവലിയും തൃശൂർ അതിരൂപതയും സംയുക്തമായി നടത്തുന്ന ബോൺ നത്താലെ ഇന്ന്. പതിനായിരത്തിലേറെ ക്രിസ്മസ് പാപ്പമാർ ഈ വർഷത്തെ ബോൺ നത്താലെ ഗാനത്തോടൊപ്പം നഗരത്തിൽ ചുവടുവയ്ക്കും.
ജാർഖണ്ഡ് ഗവർണർ സി.പി. രാധാകൃഷ്ണൻ മുഖ്യാതിഥിയാകും. മന്ത്രിമാരായ അഡ്വ. കെ. രാജൻ, ആർ. ബിന്ദു, കെ. രാധാകൃഷ്ണൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, പാണക്കാട് സാദ്ദിഖ് അലി തങ്ങൾ, പുറനാട്ടുകര ശ്രീരാമ കൃഷ്ണ മിഷൻ രക്ഷാധികാരി, ടി.എൻ. പ്രതാപൻ എം.പി, കെ. ബാലചന്ദ്രൻ എം.എൽ.എ പങ്കെടുക്കും.
ഉച്ചയ്ക്ക് മൂന്നിന് ക്രിസ്മസ് പാപ്പമാർ സേക്രഡ് ഹാർട്ട് സ്‌കൂളിൽ സംഗമിക്കും. തുടർന്ന് നാലിന് സെന്റ് തോമസ് കോളജിൽ നിന്ന് ഗവർണർ സി.പി. രാധാകൃഷ്ണൻ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. സമാപന സമ്മേളനത്തിൽ കഴിഞ്ഞവർഷം തറക്കല്ലിട്ട ബോൺ നത്താലെ വീടിന്റെ താക്കോൽദാനം ഗവർണർ നിർവഹിക്കും. മതസൗഹാർദ്ദം, തിരുപ്പിറവി, ചലിക്കുന്ന പുൽക്കൂട്, ചലിക്കുന്ന ക്രിസ്മസ് ട്രീ തുടങ്ങി ഇരുപതോളം നിശ്ചല ദൃശ്യങ്ങൾ ഘോഷയാത്രയിൽ അണിനിരക്കും. വീൽചെയർ പാപ്പമാർ, റോളർ സ്‌കേറ്റിംഗ് പാപ്പമാർ, ഹോണ്ടാ ബൈക്കുമായി വരുന്ന പാപ്പമാർ, പൊയ്കാൽ പാപ്പമാർ, മാലാഖമാർ തുടങ്ങിയവർ ഘോഷയാത്രയിൽ അണിചേരും.
തൃശൂർ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
തൃശൂർ: നഗരത്തിൽ ഇന്ന് നടക്കുന്ന ബോൺ നത്താലെ, വടക്കുന്നാഥ ക്ഷേത്രത്തിലെ ആതിരോത്സവം പരിപാടികളുടെ ഭാഗമായി സ്വരാജ് റൗണ്ടിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. രാവിലെ മുതൽ സ്വരാജ് റൗണ്ടിലും അനുബന്ധ റോഡുകളിലും പാർക്കിംഗ് അനുവദിക്കുകയില്ല. ഉച്ചയ്ക്ക് രണ്ട് മുതൽ സ്വരാജ് റൗണ്ടിലേക്ക് വാഹനങ്ങൾ പ്രവേശിപ്പിക്കുകയില്ല. വടക്കുന്നാഥ ക്ഷേത്രത്തിലെ ആതിരോത്സവത്തിന്റെ ഭാഗമായി തിരുവാതിരക്കളിയിൽ പങ്കെടുക്കാൻ വരുന്നവരുടെ വാഹനങ്ങൾ മാത്രം നായ്ക്കനാൽ ഭാഗത്തുകൂടെയും, മണികണ്ഠനാൽ ഭാഗത്തുകൂടേയും തേക്കിൻകാട് മൈതാനത്തേക്ക് പ്രവേശിപ്പിക്കും.