1

തൃശൂർ : പൂരം പ്രദർശനത്തിന്റെ തറവാടകയുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിലേക്ക് മന്ത്രിമാരെത്തിയത് യാതൊരു ഫോർമുലയുമില്ലാതെ. കോടതി വിധി വന്നിട്ട് ബാക്കി കാര്യം തീരുമാനിക്കാമെന്നാണ് ദേവസ്വം മന്ത്രിയടക്കമുള്ളവർ പ്രതികരിച്ചത്. അത് മുൻകൂട്ടി അറിയാമായിരുന്നിട്ടും ഇത്തരത്തിൽ യോഗം വിളിച്ചതിന്റെ ലക്ഷ്യമെന്താണെന്നാണ് യോഗത്തിൽ പങ്കെടുത്ത മറ്റ് ഭാരവാഹികളുടെ ചോദ്യം. തറവാടക വിഷയം ഉയർന്നുവന്നതോടെ മറ്റെല്ലാ പാർട്ടികളും പ്രതികരണങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിച്ചെങ്കിലും സി.പി.എം ആദ്യമൊന്നും പ്രതികരിച്ചിരുന്നില്ല.
പിന്നീട് ഏറെ വൈകിയാണ് സി.പി.എം വിഷയത്തിൽ സർക്കാർ ഇടപെടുമെന്ന് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് മന്ത്രിതല യോഗം വിളിച്ചത്. മന്ത്രിമാർക്ക് പുറമേ എം.പി, എം.എൽ.എ അടക്കമുള്ളവർ പങ്കെടുത്തെങ്കിലും ഏത് രീതിയിൽ വിഷയം പരിഹരിക്കാമെന്നത് സംബന്ധിച്ച് ചർച്ചയുണ്ടായില്ല. നാലാം തീയതിയാണ് ഹൈക്കോടതിയിൽ കേസെത്തുക. ഇതിൽ വാടക 2.2 കോടി നൽകണമെന്ന് ഉത്തരവിട്ടാൽ എങ്ങനെ മറികടക്കുമെന്നത് സംബന്ധിച്ച കാര്യം ചർച്ചയിലുണ്ടായില്ല. കഴിഞ്ഞ വർഷം 39 ലക്ഷം രൂപയായിരുന്നു തറവാടക.

ബോർഡ് പ്രസിഡന്റിനെതിരെ നീരസം

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശൂർ പോലുള്ള സ്ഥലത്ത് പ്രതിപക്ഷത്തിന് ഉപയോഗിക്കാൻ പാകത്തിൽ വടിയെറിഞ്ഞ് കൊടുത്ത ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ നടപടി പ്രശ്‌നം വഷളാക്കിയെന്ന് സി.പി.എമ്മിലും അഭിപ്രായം ഉയർന്നു. പാറമേക്കാവും തിരുവമ്പാടിയും ഇല്ലെങ്കിലും പൂരം നടത്തുമെന്ന ദേവസ്വം ബോർഡിന്റെ പ്രസ്താവനയാണ് വിഷയം വഷളാക്കിയതെന്നാണ് ആക്ഷേപം. സി.പി.ഐയ്ക്കും അമർഷമുണ്ട്.

ഇരുദേവസ്വങ്ങളുടേതും സമ്മർദ്ദം

തറവാടക കൂട്ടിയാൽ പൂരം ചടങ്ങാക്കുമെന്ന ദേവസ്വങ്ങളുടെ നിലപാട് സമ്മർദ്ദം തന്നെയാണെന്നാണ് വിലയിരുത്തൽ. 39 ലക്ഷം രൂപയെന്നത് അമ്പത് ലക്ഷം വരെയാക്കാമെന്ന തരത്തിൽ ദേവസ്വങ്ങളുടെ ഭാഗത്ത് നിന്നും അഭിപ്രായമുണ്ടായിരുന്നു. വിഷയം ചൂടുപിടിച്ചതോടെ ദേവസ്വങ്ങളും ചുവടുമാറ്റി. വടക്കുന്നാഥ ക്ഷേത്ര മൈതാനം നിരവധി പരിപാടികൾക്ക് സൗജന്യമായി നൽകാറുണ്ടെന്നും അതേസമയം പൂരവുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടിക്ക് കോടികൾ വാടക വേണമെന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്നുമാണ് ഇവരുടെ നിലപാട്. സൗജന്യമായി വേണമെന്നതാണ് പുതിയ നിലപാട്. സൗജന്യമായി സ്ഥലമനുവദിക്കുന്നത് ഹ്രസ്വസമയത്തേക്കാണെന്നും ഒരു മാസം വരെ നീളുന്ന പൂരപ്രദർശനത്തിന് സൗജന്യമായി സ്ഥലമനുവദിക്കുന്ന കാര്യം പ്രായോഗികമല്ലെന്നുമാണ് അധികൃതരുടെ നിലപാട്. വ്യാപാര ആവശ്യങ്ങൾക്ക് അനുവദിക്കുമ്പോൾ മതിയായ തുക വാടകയായി ഈടാക്കണമെന്ന് കോടതി തന്നെ ആവശ്യപ്പെട്ട സാഹചര്യത്തിൽ പ്രത്യേകിച്ചും.

പ്രധാനമന്ത്രിയ്ക്ക് മുന്നിൽവയ്ക്കാൻ ബി.ജെ.പി

പൂരം വിവാദത്തിൽ കേന്ദ്ര സർക്കാറിനെക്കൂടി കക്ഷി ചേർക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പി. ജനുവരി ആദ്യം തൃശൂരിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊണ്ട് വിഷയം ചർച്ചയാക്കാനാണ് നീക്കം. സുരേഷ് ഗോപി വഴിയാണ് ഈ നീക്കം നടത്തുന്നത്. ക്ഷേത്രസ്വത്തുക്കൾ സംരക്ഷിക്കുന്നതിലായിരിക്കണം ദേവസ്വത്തിന്റെ ശ്രദ്ധ. അല്ലാതെ ക്ഷേത്രാചാരം സംരക്ഷിക്കുന്ന വിശ്വാസികളെ കൊള്ളയടിക്കരുതെന്നും സ്ഥലം സൗജന്യമായി വിട്ടു നൽകണമെന്നുമാണ് സുരേഷ് ഗോപിയുടെ പ്രതികരണം.