thiruvathira

തൃശൂർ : ശിവപാർവതി സ്തുതികളാണ് തിരുവാതിരക്കളിയിലെ പ്രധാന പാട്ടെങ്കിൽ കേരളത്തിലെ കൊമ്പന്മാരിലെ പ്രധാനി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വർണിച്ച് ശ്രദ്ധ നേടുകയാണ് കുന്നംകുളം കാണിപ്പയൂർ കൈകൊട്ടിക്കളി സംഘം. കഴിഞ്ഞദിവസം വടക്കുന്നാഥൻ ക്ഷേത്രത്തിലെ ആതിരോത്സവത്തിലാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ സ്തുതിച്ച് തിരുവാതിര കളിച്ചത്. ഗണപതി, സരസ്വതി, പദം, വഞ്ചിപ്പാട്, കുറത്തി, കുമ്മി, മംഗളം എന്നിവയിലെ വഞ്ചിപ്പാട്ടിന്റെ ഈണത്തിൽ തെച്ചിക്കോട്ടുകാവിനെ സ്തുതിക്കുന്നത്.
' തെച്ചിക്കോട്ടുകാവിലമ്മ തിരുമകൻ രാമചന്ദ്രൻ
തികഞ്ഞൊരു മറ്റൊരാന ഭൂമുഖത്തില്ല '
എന്ന് തുടങ്ങുന്ന വരികളിൽ ആകാരവർണന മുഴുവനുമുണ്ട്. തൃശൂർ പൂരത്തിൽ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തെക്കേ ഗോപൂരനട തുറക്കുന്നതും തെച്ചിക്കോട്ടുകാവെത്തിയാൽ നിറയുന്ന ജനക്കൂട്ടവും വരികളിലുണ്ട്. ഇരുപത്തഞ്ചോളം വരികളാണ് പാട്ടിലുള്ളത്. ഇത് മുഴുവൻ ആരംഭിക്കുന്നത് ' ത' കാരത്തിലാണ്. മാദ്ധ്യമ പ്രവർത്തകൻ കൂടിയായിരുന്ന എറണാകുളം സ്വദേശി പാലേലി മോഹനനാണ് പാട്ടെഴുതിയത്. വിസ്തരിച്ച് കളിക്കുമ്പോൾ പത്ത് മിനിറ്റോളം നീളും. കാണിപ്പയൂർ കൈകൊട്ടികളി സംഘത്തിലെ ശ്രീലത, ഗൗരി, സതി, ഷീജ, സുജ, സാവി, അദ്രിത, വീണ, ഗോപിക, ആരഭി , ഗൗരി എന്നിവരാണ് അരങ്ങത്തുണ്ടായിരുന്നത്. പിന്നണിയിൽ കീർത്തന കൃഷ്ണകുമാർ, സുലജ മോഹനൻ എന്നിവരും അണിനിരന്നു. അനൂപ് വെള്ളാറ്റഞ്ഞൂരായിരുന്നു ഇടയ്ക്ക. തൃശൂർ പൂരത്തിന്റെ വിളംബരത്തിന് തെക്കേ ഗോപുര നട തുറക്കാൻ തെച്ചിക്കോട്ടുകാവ് വന്നത് മുതലാണ് ജനക്കൂട്ടം ഇരമ്പിയെത്തി തുടങ്ങിയത്.