തൃശൂർ: ഇന്ന് ധനുമാസ തിരുവാതിര, ക്ഷേത്രങ്ങളിലും വീടുകളിലും ഒരുക്കങ്ങൾ പൂർണം. വടക്കുന്നാഥ ക്ഷേത്രം, മിഥുനപ്പിള്ളി ശിവക്ഷേത്രം, ചൊവ്വല്ലൂർ ശിവക്ഷേത്രം തുടങ്ങി വിവിധ ക്ഷേത്രങ്ങളിൽ തിരുവാതിര ആഘോഷിക്കും. ഇന്ന് തന്നെയാണ് മണ്ഡലമാസ സമാപനവും.
തിരുവാതിരയോട് അനുബന്ധിച്ചുള്ള തിരുവാതിരപ്പാനയും പലയിടങ്ങളിലും നടക്കും. വടക്കുന്നാഥ ക്ഷേത്രത്തിൽ ലക്ഷദീപം തെളിക്കും. രാവിലെ ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ 11 വേദ പണ്ഡിതൻമാർ 11 വെള്ളിക്കുടങ്ങളിൽ നറുനെയ്യ് നിറച്ച് ശ്രീരുദ്ര ജപം ആരംഭിക്കും. രാവിലെ 8.30ന് അഭിഷേകം. തുടർന്ന് ശ്രീ പാർവതിക്ക് പുഷ്പാഭിഷേകവും പൂജയുമുണ്ടാകും.
രാവിലെ പത്തിന് അന്നദാന മണ്ഡപത്തിൽ തിരുവാതിര ഊട്ട് ആരംഭിക്കും. ചാമ ചോറ്, രസ കാളൻ, പുഴുക്ക്, കൂവ പായസം തുടങ്ങി വിഭവ സമൃദ്ധമായ ഊട്ട് 7000 പേർക്കാണ് ഒരുക്കുന്നത്. തിരുവാതിര മണ്ഡപത്തിൽ 35 ഓളം സംഘങ്ങളുടെ തിരുവാതിര കളി ഉണ്ടാകും. ആതിരോത്സവത്തിൽ ഏകദേശം 500 ഓളം സംഘങ്ങൾ തിരുവാതിര കളി അവതരിപ്പിച്ചു. ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ് പരിപാടികൾ. മണ്ഡലമാസ സമാപനത്തിന്റെ ഭാഗമായി രാവിലെ ക്ഷേത്രത്തിൽ അയ്യപ്പ സ്വാമിക്ക് അഷ്ടാഭിഷേകം, വൈകീട്ട് നിറമാല, ചുറ്റുവിളക്ക്.