ചാലക്കുടി: കൂടപ്പുഴ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കാവടി മഹോത്സവം സമാപിച്ചു. സമാപനം കുറിച്ച് കൂടപ്പുഴ കടവിൽ ആറാട്ട് നടന്നു. മേൽശാന്തി കെ. ബാബുലാലിന്റെ കാർമ്മികത്വത്തിൽ നടന്ന പൂജകൾക്കും ആറാട്ടുമുങ്ങലിലും നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. മേൽശാന്തിയും സംഘവും രണ്ടുവട്ടം തിടമ്പുമായി ആറാട്ട് മുങ്ങി. മഹേഷ് ശാന്തി സഹകാർമ്മികനായി.
തുടർന്ന് തങ്കരഥത്തിൽ ഭഗവാന്റെ തിടമ്പ് എഴുന്നള്ളിച്ചു. പലയിടത്തും നിറപറയൊരുക്കി എഴുന്നള്ളിപ്പിനെ എതിരേറ്റു. പിന്നീട് ക്ഷേത്രത്തിൽ കൊടിയിറക്കൽ ചടങ്ങും ആറാട്ട് കഞ്ഞി വിതിരണവും നടന്നു. പ്രസിഡന്റ് കെ.എ. ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി എ.ടി. ബാബു, ട്രഷറർ കെ.ജി. സുന്ദരൻ, വൈസ് പ്രസിഡന്റ് കെ. പരമേശ്വരൻ, ഇ.എസ്. അനിയൻ, ടി.കെ. ബാബു, സി.എസ്. സത്യൻ തുടങ്ങിയവർ നേതൃത്വം നൽകി.
തിങ്കളാഴ്ച നടന്ന കാവടി മഹോത്സവം വർണാഭമായി. രാവിലെ വിവിധ പ്രദേശങ്ങളിൽ നിന്നും പുറപ്പെട്ട കാവടി സംഘങ്ങൾ ഉച്ചയ്ക്ക് ക്ഷേത്രത്തിലെത്തി. തുടർന്ന് കാവടി അഭിഷേകവും നടന്നു. തുടർന്ന് നടന്ന അമൃതഭോജനത്തിൽ ആയിരങ്ങൾ പങ്കെടുത്തു. വൈകീട്ട് സൗത്ത് ജംഗ്ഷനിൽ നിന്നാരംഭിച്ച കാവടി ഘോഷയാത്രയും നഗരം നിറഞ്ഞുനിന്നു. നിശ്ചല ദൃശ്യങ്ങളും നാടൻ കാലാരൂപങ്ങളും ജനശ്രദ്ധ പിടിച്ചുപറ്റി. താളമേളങ്ങളും നൃത്താവതരണവും ജനത്തെ ആവേശഭരിതരാക്കി. രാത്രി പത്തോടെ ഘോഷയാത്ര ക്ഷേത്രത്തിലെത്തി.