ആളൂർ: വലിയ ഹാളും രഹസ്യ അറകളുമായി പ്രവർത്തിച്ചിരുന്ന പൊരുന്നകുന്നിലെ വ്യാജമദ്യ കേന്ദ്രത്തെക്കുറിച്ച് അറിഞ്ഞപ്പോൾ നാട്ടുകാ‌ർക്ക് ഞെട്ടൽ. വിജനമായ പ്രദേശമാണെങ്കിലും പരിസരവാസികൾ പലരും ഇവിടെ എത്തിയിട്ടുണ്ട്. എന്നാൽ രഹസ്യ അറയ്ക്കുള്ളിലെ അറയും മദ്യം ഒളിപ്പിക്കലും നടന്ന ഗോഡൗണിനെക്കുറിച്ച് ഇവർക്ക് ഇതുവരെയും സൂചന പോലുമില്ലായിരുന്നു.

കോഴിത്തീറ്റ ചാക്കുകൾ അട്ടിയിട്ട വിശാലമായ ഹാളിന്റെ അറ്റത്തെ ചുവർ കഴിഞ്ഞുള്ള ഭാഗത്തായിരുന്നു അറകൾ നിർമ്മിച്ചിരിക്കുന്നത്. ചുവരിന് താഴെ പെട്ടന്നു ശ്രദ്ധയിൽപ്പെടാത്ത ദ്വാരത്തിലൂടെ നുഴഞ്ഞു കയറിയാൽ ആദ്യത്തെ അറിയിലെത്താം. ഇതിന്റെ വലതു ഭാഗത്തായിരുന്നു രണ്ടാമത്തെ ചെറിയ അറ. ഷെഡിന്റെ നിർമ്മാണം തന്നെ ഇത്തരം ഗൂഢലക്ഷ്യം വച്ചാണെന്ന് പൊലീസ് സംശയിക്കുന്നു. ഇതിൽ ഒളിപ്പിക്കുന്ന വസ്തുക്കൾ എന്തായാലും പെട്ടന്ന് ശ്രദ്ധയിൽപെടില്ല.

നേരത്തെ ഇതിനെക്കുറിച്ച് ജില്ലാ പൊലീസ് മേധാവിക്ക് സൂചന ലഭിച്ചിരുന്നു. തുടർന്ന് ഇരിങ്ങാലക്കുട ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലെ പ്രത്യേക അന്വേഷണ സംഘം പ്രദേശത്ത് രഹസ്യ നിരീക്ഷണം നടത്തി. ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് വ്യാജ മദ്യം സൂക്ഷിച്ചിരുന്ന കേന്ദ്രം പിടികൂടിയത്.