കുന്നംകുളം: കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന കേച്ചേരി - അക്കിക്കാവ് റോഡ് നിർമ്മാണം ജനുവരി 15ന് ആരംഭിക്കും. എ.സി. മൊയ്തീൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കുന്നംകുളം മണ്ഡലം പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗത്തിലാണ് തീരുമാനം. എരുമപ്പെട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണം മാർച്ച് 31നകം പൂർത്തീകരിക്കാനും തീരുമാനിച്ചു.

വേലൂർ എരുമപ്പെട്ടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആലുങ്കൽ പാലം നിർമ്മാണത്തിന് സാങ്കേതികാനുമതി ലഭ്യമാക്കുന്നതിന് മുമ്പ് സർവേ നടപടികൾ പൂർത്തിയാക്കാനും തീരുമാനമായി. കുന്നംകുളം ജംഗ്ഷൻ വികസനം, കുന്നംകുളം റിംഗ് റോഡ്, കേച്ചേരി അക്കിക്കാവ് റിംഗ് റോഡുകളുടെ സ്ഥലം ഏറ്റെടുക്കൽ തുടങ്ങിയവ വേഗത്തിലാക്കാൻ അടിയന്തിരമായി റവന്യൂ, കെ.ആർ.എഫ്.ബി അധികൃതരുമായി പ്രത്യേക യോഗം ചേരും.

കുന്നംകുളം പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ നഗരസഭാ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ്മാരായ ടി.ആർ. ഷോബി, പി.ഐ. രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.