
തൃശൂർ : ക്രിമിനൽ സംഘങ്ങളുടെ വാഴ്ച സ്വൈരജീവിതത്തിന് ഭീഷണിയാകുന്നു. ഗുണ്ടാ - കഞ്ചാവ് മാഫിയ സംഘങ്ങൾ നടത്തുന്ന വിളയാട്ടം തടയാനാകാത്ത സ്ഥിതിയിലാണ് പൊലീസ്. മോഷണ സംഘങ്ങളും വേരുറപ്പിച്ചതോടെ ജനം ഭീതിയിലാണ്. ആഘോഷ കാലമായതോടെ, ബസിലും തിരക്കേറിയ സ്ഥലങ്ങളിലും നിൽക്കുന്നവർ ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും സുക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. അത്രയ്ക്ക് അധികം മോഷണ സംഘങ്ങൾ ജില്ലയിലെത്തിയെന്നാണ് സൂചന.
കഴിഞ്ഞദിവസം എരവിമംഗലത്ത് വീട്ടുകാരില്ലാത്ത സമയത്ത് വീട്ടിൽ കയറി കൗമാരക്കാരൻ നടത്തിയ ആക്രമണം ഞെട്ടിപ്പിക്കുന്നതായിരുന്നു.
കഞ്ചാവ് മാഫിയയുടെ പിൻബലത്തിലാണ് പതിനഞ്ചുകാരന്റെ ക്രൂരത. ഫിഷ് ടാങ്കിൽ മണ്ണ് വാരിയിട്ട് മീനുകളെ കൊന്നും, കോഴിയുടെ കണ്ണ് ചൂഴ്‌ന്നെടുത്തും, കൂട് തകർത്ത് പ്രാവുകളെ പറത്തി വിട്ടുമായിരുന്നു ആക്രമണം. അടുത്തിടെ നഗരത്തിൽ നടന്ന കൊലപാതകത്തിലും ഒരു കൊലപാതക ശ്രമത്തിലും ഉൾപ്പെട്ടിരുന്നതും പതിനഞ്ചുകാരായിരുന്നു. സ്‌കൂളിൽ നിന്ന് പുറത്തിറങ്ങുമ്പോൾ തന്നെ പലരും ലഹരിക്ക് അടിമപ്പെടുന്നുണ്ടെന്നാണ് കണ്ടെത്തൽ. തുടർന്ന് ഇവർ ലഹരി മാഫിയയുടെ വലയിലായി, അക്രമങ്ങളിലേക്ക് കടക്കും. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നിരവധി പേരെയാണ് കാപ്പ ചുമത്തി ജയിലിലടക്കപ്പെട്ടത്. ചിലരെ നാടുകടത്തുകയും ചെയ്തു.
പ്രായപൂർത്തിയാകും മുമ്പ് ക്രിമിനൽ ബന്ധം സ്ഥാപിച്ചെടുക്കുകയും ലഹരി ഉൾപ്പെടെയുള്ളവയിലേക്ക് തിരിയുകയുമാണ് ഏറെപ്പേരും. ഇന്നലെ അരിയങ്ങാടിയിലെ സ്ഥാപനത്തിൽ നിന്ന് രണ്ട് ലക്ഷം രൂപ മോഷ്ടിച്ച സംഭവത്തിൽ പിടിയിലായ മൂന്നു പേരും അന്തർ ജില്ലാ മോഷ്ടാക്കളാണ്. രണ്ട് പേർക്ക് 22 വയസും ഒരാൾക്ക് 19 വയസുമാണ് പ്രായം. ഇതിനോടകം നിരവധി ക്രിമിനൽ കേസിലെ പ്രതികളാണ്. ലഹരി ഉപയോഗത്തിനും അഢംബര ജീവിതത്തിനുമായാണ് ഇവർ മോഷണം നടത്തുന്നത്.
നഗരത്തിലും ക്രിമിനൽ വാഴ്ച്ച
പൊലീസ് 24 മണിക്കൂറും റോന്ത് ചുറ്റുന്ന നഗരത്തിൽ പോലും ക്രിമിനൽ സംഘം വിലസുകയാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അടിപിടികളും ബൈക്ക് മോഷണവും വ്യാപകമാണ്. കെ.എസ്.ആർ.സി, റെയിൽവേ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിൽ നിരവധി ബൈക്കാണ് മോഷണം പോയത്. ഒന്നിനും തുമ്പുണ്ടാക്കാൻ പൊലീസിനായിട്ടില്ല.