vadakkum

തൃശൂർ: തിരുവാതിര ആഘോഷത്തോട് അനുബന്ധിച്ച് വടക്കുന്നാഥ ക്ഷേത്രം, മിഥുനപ്പിള്ളി ശിവക്ഷേത്രം, ചൊവ്വല്ലൂർ ശിവക്ഷേത്രം തുടങ്ങി ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്. രാവിലെ ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ 11 വേദ പണ്ഡിതന്മാർ 11 വെള്ളിക്കുടങ്ങളിൽ നറുനെയ്യ് നിറച്ച് ശ്രീരുദ്ര ജപവും അഭിഷേകം നടത്തി. തുടർന്ന് ശ്രീ പാർവതിക്ക് പുഷ്പാഭിഷേകവും പൂജയുമുണ്ടായി. തിരുവാതിര ഊട്ടിൽ ആയിരങ്ങൾ പങ്കെടുത്തു. ചാമ ചോറ്, രസ കാളൻ, പുഴുക്ക്, കൂവ പായസം തുടങ്ങി വിഭവ സമൃദ്ധമായ ഊട്ടാണ് ഒരുക്കിയത്. വൈകീട്ട് ലക്ഷദീപം തെളിക്കലിന് ദേവസ്വം ബോർഡ് പ്രസിഡന്റ് എം.കെ.സുദർശൻ, അംഗം പ്രേംരാജ് ചൂണ്ടലാത്ത്, അസി.കമ്മിഷണർ വി.എൻ.സ്വപ്‌ന, പങ്കജാക്ഷൻ, ഹരിഹരൻ എന്നിവർ പങ്കെടുത്തു.