
തൃശൂർ: തൃശൂർ ജില്ലാ പഞ്ചായത്ത് നിലവിൽ വന്നിട്ട് 28 വർഷം പൂർത്തീകരിക്കുന്ന വേളയിൽ 28 ഇന വികസന കർമ്മ പരിപാടികൾക്ക് തുടക്കം കുറിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് അറിയിച്ചു. നിലവിലെ ഭരണസമിതി നാലാമത്തെ വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ കൈവരിച്ച നേട്ടങ്ങളുടെ തുടർച്ചയായാണ് പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ത്രിതല പഞ്ചായത്തുകളുമായി സഹകരിച്ചും സർക്കാരിന്റെ സഹായത്തോടെയുമാണ് പദ്ധതികൾ നടപ്പിലാക്കുക.
28 വികസന കർമ്മ പദ്ധതികളുടെ ഉദ്ഘാടനം 30 ന് ഉച്ചയ്ക്ക് 2 ന് കളക്ടറേറ്റ് അനക്‌സ് ഹാളിൽ നടക്കും. മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പി.കെ.ഡേവിസ് അദ്ധ്യക്ഷത വഹിക്കും. തൃശൂർ രാമവർമപുരം ശുഭാപ്തി പുനരധിവാസ കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി ആർ.ബിന്ദു നിർവഹിക്കും. മേയർ എം.കെ.വർഗീസ് മുഖ്യാതിഥിയാകും. ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഉദ്ഘാടനം പി.ബാലചന്ദ്രൻ എം.എൽ.എ നിർവഹിക്കും. കളക്ടർ വി.ആർ.കൃഷ്ണതേജ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ദീപ എസ്.നായർ തുടങ്ങിയവരും പദ്ധതികൾ ഉദ്ഘാടനം ചെയ്യും. എസ്.ബസന്ത് ലാൽ, കെ.ആർ.രവി, എം.കൃഷ്ണദാസ്, എ.വി.വല്ലഭൻ, ജോസഫ് ടാജറ്റ്, മുഹമ്മദ് ഗസാലി, പി.എസ്.ഷിബു തുടങ്ങിയവർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജുള അരുണൻ, റഹീം വീട്ടിപറമ്പിൽ, വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ, പി.എം.അഹമ്മദ് എന്നിവരും പങ്കെടുത്തു.
തുടക്കം പത്തിൽ നിന്ന്
1. ലൈഫ് ഗുണഭോക്താക്കൾക്ക് വീടും സ്ഥലവും നൽകാനായി 19.27 കോടി അനുവദിച്ചതിന്റെ വിതരണം
2. ജില്ലയിലെ അർഹതയുള്ള മുഴുവൻ അംഗൻവാടിയിലേക്കും വാട്ടർപ്യൂരിഫയർ നൽകൽ
3. ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനായുള്ള രാമവർമപുരത്തെ ശുഭാപ്തി
4. 29 ഡിവിഷനുകളിലായി ഗ്രന്ഥശാലകൾക്കുള്ള കസേരവിതരണം
5. വിവിധ സ്‌കൂളിലേക്കുള്ള ലാപ്‌ടോപ് വിതരണം
6. കളക്ടറേറ്റിന് അകത്ത് പ്രവർത്തനം ആരംഭിക്കുന്ന ടേക്ക് എ ബ്രേക്ക് പദ്ധതി
7. വയോജനങ്ങൾക്കുള്ള ഒളരിക്കരയിലെ സുശാന്തം പദ്ധതിയുടെ രണ്ടാംഘട്ടനിർമ്മാണം
8. ജില്ലാ ഹോമിയോ ആശുപത്രിയിലെ ഓട്ടോമാറ്റിക് ഹോർമോൺ അനലൈസർ
9. കാർഷിക മേഖലയ്ക്കുള്ള മോട്ടോർപമ്പ് സെറ്റ് വിതരണം
10. എസ്.സി. വിദ്യാർത്ഥികൾക്കുള്ള ലാപ്‌ടോപ് വിതരണത്തിന് പഞ്ചായത്തുകൾക്ക് വിഹിതം നൽകൽ