കൊടുങ്ങല്ലൂർ: സത്യം വിളിച്ചു പറയുന്ന സത്യത്തെ ജനങ്ങളിലേക്ക് എത്തിക്കുന്ന കലാരൂപമാണ് നാടകമെന്ന് നടനും സംവിധായകനുമായ മധുപാൽ. യുവധാരയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തിയേറ്റർ ഫെസ്റ്റിവൽ പി. ഭാസ്‌കരൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മധുപാൽ. പി.എസ്. റഫീക് അദ്ധ്യക്ഷനായി. പി.കെ. ചന്ദ്രശേഖരൻ, ഷീല രാജ്കമൽ, വി.പി ശരത് പ്രസാദ്, പി.എച്ച്. നിയാസ്, ഹാഷിക് എന്നിവർ സംസാരിച്ചു. തുടർന്ന് തൃശൂർ പഞ്ചമി തിയേറ്റേഴ്‌സ് അവതരിപ്പിച്ച കവചിതം നാടകം അരങ്ങേറി. 28ന് വൈകിട്ട് 6.45ന് കൂറ്റനാട് ലിറ്റിൽ എർത്ത് തിയേറ്റർ അവതരിപ്പിക്കുന്ന അവാർഡ്, കൂളിമുട്ടം അയ്യപ്പൻ മാസ്റ്റർ സ്മാരക വായനശാലയുടെ ചില നേരങ്ങളിൽ ഗോപാലൻ എന്നീ നാടകങ്ങൾ അവതരിപ്പിക്കും. 29ന് എടമുക്ക് മോഹൻ തിയേറ്റേഴ്‌സിന്റെ ഭയം ഭാരതീയം, 6.15ന് കുട്ടികളുടെ രണ്ട് നാടകങ്ങൾ നടക്കും. ചങ്ങമ്പുഴ സ്മാരക വായനശാലയുടെ ഒരു തുപ്പൽ കേസ്, കാസർഗോഡ് ചിലങ്ക തിയേറ്റർ ലാബ് ഒരുക്കുന്ന 'ഞാനാണേ ദൈവത്താണെ, കട്ടപ്പന ദർശനാ കലാകേന്ദ്രത്തിന്റെ തോറ്റവരുടെ യുദ്ധങ്ങൾ എന്നീ നാടകങ്ങൾ അരങ്ങേറും. 30ന് 'മകൾ' (സംവിധാനം : ചിന്നൂസ്,ചിലങ്ക), 'ഗ്രാഡിസ്‌ക ദി പീപ്പിൾസ് ഹീറോ' (സംവിധാനം, ബിച്ചൂസ്, ചിലങ്ക) എന്നീ ലഘുനാടകങ്ങൾ നടക്കും. കോഴിക്കോട് ചിലങ്ക ഫ്‌ളോട്ടിംഗ് തിയേറ്റർ ആൻഡ് നാടകപ്പുരയാണ് നാടകങ്ങളുടെ അവതാരകർ. എറണാകുളം ലോകധർമ്മിയുടെ 'ദി ബോട്ട് ബോയ്' എന്ന നാടകവും മതിലകം നടന കലാസങ്കേതത്തിന്റെ ആർത്തി അവതരിപ്പിക്കും. 31ന് വൈകിട്ട് 5.30ന് സമാപന സമ്മേളനവും തുടർന്ന് ആറങ്ങോട്ടുകര കലാശാലയുടെ 'കുരുത്താലി ദി പ്രൊഫൈൽ അൺലോക്കഡ്' എന്ന നാടകത്തോടെ കൊടുങ്ങല്ലൂർ തിയേറ്റർ ഫെസ്റ്റ് സമാപിക്കും. എല്ലാ ദിവസവും രാവിലെ ഒമ്പത് മുതൽ രാരംഗ് തിയേറ്റർ ഫോർ എഡ്യുക്കേഷനും ഒപ്പരം ലിറ്റിൽ തിയേറ്ററും ചേർന്ന് കുട്ടികൾക്കായി തിയേറ്റർ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്.