
തൃശൂർ: പൂരനഗരിക്ക് സാംസ്‌കാരികോത്സവവുമായി ബോൺ നത്താലെ. ഒരേ താളത്തിൽ ചുവടുവച്ച പാപ്പാമാരുടെ ഫ്‌ളാഷ് മോബ് നൃത്തവും ദൃശ്യവിരുന്നായി. തേക്കിൻകാട് മൈതാനവും ഘോഷയാത്ര കാണാനെത്തിയവരാൽ തിങ്ങിനിറഞ്ഞു. ഇടവകകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട യുവതീയുവാക്കൾ പരിശീലനം നേടിയശേഷമാണ് സാന്താക്ലോസ് വേഷമണിഞ്ഞ് ഫ്‌ളാഷ് മോബ് അവതരിപ്പിച്ചത്. സൈക്കിളിൽ പാപ്പാമാരുടെ അഭ്യാസ പ്രകടനവുമുണ്ടായി.
തൃശൂർ സെന്റ് തോമസ് കോളേജിൽ മേയർ എം.കെ.വർഗീസ്, ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് എന്നിവർ ചേർന്ന് പതാക ജനറൽ കൺവീനർ എ.എ.ആന്റണിക്ക് കൈമാറിയതോടെ ഘോഷയാത്രയ്ക്ക് തുടക്കമായി. ആർച്ച് ബിഷപ്പിന് പുറമേ ടി.എൻ.പ്രതാപൻ എം.പി, എം.എൽ.എമാരായ പി.ബാലചന്ദ്രൻ, സനീഷ്‌കുമാർ ജോസഫ്, ബിഷപ് മാർ ടോണി നീലങ്കാവിൽ, മാർ ഔഗിൻ കുര്യാക്കോസ്, സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത, ഡെപ്യൂട്ടി മേയർ എം.എൽ.റോസി, ഡി.ഐ.ജി അജിതാ ബീഗം, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, എം.പി.വിൻസന്റ്, രാജൻ പല്ലൻ, ഷാജി കോടങ്കണ്ടത്ത്, എം.പി.പോളി, ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത് തുടങ്ങിയവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി. സ്വരാജ് റൗണ്ട് ചുറ്റി ഘോഷയാത്ര സെന്റ് തോമസ് കോളേജിൽ സമാപിച്ചു.
ഘോഷയാത്രയുടെ തുടക്കം സമാപന സ്ഥലത്തെത്തിയിട്ടും അവസാന ഭാഗം സ്വരാജ് റൗണ്ടിൽ നിന്ന് എത്തിച്ചേർന്നിരുന്നില്ല. റോഡ് മുറിച്ചുകടക്കാൻ സൗകര്യമൊരുക്കി അച്ചടക്കത്തോടെയാണ് ഘോഷയാത്ര മുന്നേറിയത്. പൈലറ്റ് വാഹനത്തിന് തൊട്ടുപിറകിൽ 300 ബൈക്കുകൾ, അതിന് പിന്നിൽ സ്‌കേറ്റിംഗ് പാപ്പാമാർ, മാലാഖമാർ, പിന്നാലെ വീൽചെയറിൽ പാപ്പാമാർ എന്നിവർ അണിനിരന്നു. സൈക്കിളിൽ സർക്കസ് അഭ്യാസങ്ങളുമായും പാപ്പാമാരെത്തിയത് അത്ഭുതക്കാഴ്ചയായി. സ്വരാജ് റൗണ്ടിൽ ഘോഷയാത്രയുടെ ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനത്തിൽ നഗരം ഒന്നാകെ താളംതുള്ളി.