agri

തൃശൂർ: കാർഷിക സർവകലാശാലയുടെ ഭൂമിയും മറ്റും വെറ്ററിനറി സർവകലാശാലയ്ക്ക് കൈമാറിയാൽ കാർഷിക സർവകലാശാലയ്ക്കുണ്ടാകുക ഭീമമായ നഷ്ടമെന്ന് ജീവനക്കാർ. സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷൻ, ഭക്ഷ്യസുരക്ഷാ സേനയുടെ പ്രവർത്തനം എന്നിവ തടസപ്പെടുമെന്നും ജീവനക്കാർ പറയുന്നു. സ്ഥലം കൈമാറ്റത്തിലൂടെ, മാതൃകാ, ജൈവകൃഷി തോട്ടങ്ങൾ, ഫലവൃക്ഷങ്ങളുടെ അമൂല്യ ജനിതകശേഖരം, ലക്ഷം തെങ്ങിൻ തൈകൾ, 500 ടൺ നെൽവിത്ത്, 7.5 ലക്ഷം നടീൽവസ്തുക്കൾ എന്നിവയും നഷ്ടപ്പെടും.
അതേസമയം അവകാശപ്പെട്ട സ്ഥലമേ ചോദിക്കുന്നുള്ളൂവെന്നാണ് വെറ്ററിനറി സർവകലാശാലാ അധികൃതർ പറയുന്നത്. സ്ഥലമില്ലാത്തതിനാൽ വികസന പദ്ധതികൾ മുടന്തുകയാണ്. കാർഷിക സർവകലാശാലയ്ക്ക് വെള്ളാനിക്കരയിൽ ആയിരം ഏക്കറുണ്ടെന്ന് വെറ്ററിനറി സർവകലാശാലയും കൈവശമുള്ള 160 ഏക്കർ വെറ്ററിനറി സർവകലാശാല ഉപയോഗിക്കുന്നില്ലെന്ന് കാർഷിക സർവകലാശാലയും പരസ്പരം പഴി പറയുന്നു.
അതേസമയം ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ഉന്നതാധികാര സമിതിയെ വസ്തുതകൾ ബോദ്ധ്യപ്പെടുത്തുന്നതിൽ കാർഷിക സർവകലാശാല മുൻ വി.സി ഡോ.ആർ.ചന്ദ്രബാബു പരാജയപ്പെട്ടെന്നാണ് ജീവനക്കാരുടെ ആക്ഷേപം. ബന്ധപ്പെട്ട ഫയലും മുൻ ഉത്തരവും വേണ്ടത്ര പഠിച്ച് വിവരം നൽകിയില്ല. 2020ലാണ് കാർഷിക, വെറ്ററിനറി സർവകലാശാല വി.സിമാർ, നിയമസെക്രട്ടറി, കൃഷി, മൃഗക്ഷേമ സെക്രട്ടറിമാർ എന്നിവരടങ്ങുന്ന സമിതിയുണ്ടാക്കിയത്. വിത്തുത്പാദനം നടക്കുന്ന സ്ഥലം കൈമാറുന്നത് പ്രായോഗികമല്ലെന്ന് കമ്മിറ്റി റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ടിന്റെ ഗൗരവം കൃഷിവകുപ്പ് മനസിലാക്കിയില്ലെന്ന് ഇടതനുകൂല സംഘടനകൾ പറയുന്നു.
2022ൽ നിയമസെക്രട്ടറിയുമായി വെറ്ററിനറി സർവകലാശാല നടത്തിയ ചർച്ചയിൽ കാർഷിക സർവകലാശാലയെ പങ്കെടുപ്പിച്ചില്ലെന്നും ആരോപണമുണ്ട്. തുടർന്നാണ് ഭൂമികൈമാറ്റത്തെ അനുകൂലിക്കുന്നതായി നിയമസെക്രട്ടറി നോട്ട് നൽകിയതത്രേ.
ജനുവരി മൂന്നിലെ മന്ത്രിസഭായോഗത്തിൽ സ്ഥലം കൈമാറുന്നത് പരിഗണിച്ചേയ്ക്കും. കൈമാറ്റത്തെ ചെറുക്കുമെന്ന മുന്നറിയിപ്പുമായി സി.ഐ.ടി.യു, എസ്.എഫ്.ഐ, ടീച്ചേഴ്‌സ് ഓർഗനൈസേഷൻ, എംപ്‌ളോയീസ് അസോസിയേഷൻ എന്നീ സംഘടനകൾ രംഗത്തുണ്ട്.

കൈമാറുന്നവയിൽ ഇവയും

വിജ്ഞാന വ്യാപന ഡയറക്ടറേറ്റ്, അഗ്രികൾച്ചറൽ ടെക്‌നോളജി ഇൻഫർമേഷൻ സെന്റർ, വിൽപ്പന കൗണ്ടർ, കമ്മ്യൂണിക്കേഷൻ സെന്റർ, സെൻട്രൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, പ്രസ്.

ഇവിടെ നടക്കുന്നത്

(വർഷത്തിൽ)

20 കോടി മുതൽമുടക്കിലുള്ള പ്രവർത്തനം.
കാർഷികോത്പന്ന വിറ്റുവരവ് 2.5 കോടി.
പ്രതിദിനം സന്ദർശിക്കുന്ന കർഷകർ 500.