k

തൃശൂർ: കാർഷിക സർവകലാശാലയുടെ 45 ഏക്കർ ഭൂമി വെറ്ററിനറി സർവകലാശാലയ്ക്ക് കൈമാറുന്നത് സംബന്ധിച്ച് വിവാദം. വർഷങ്ങൾ മന്ദീഭവിച്ച കൈമാറ്റ ശ്രമത്തിന് ജീവൻ വച്ചത് തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രം ജീവനക്കാർ. 1600 ഹെക്ടർ വിസ്തൃതിയുള്ള കോൾപാടങ്ങളുടെ വികസനം ലക്ഷ്യമാക്കിയുള്ള ഗവേഷണത്തെ ബാധിച്ചേക്കുമെന്നും ആശങ്കയുണ്ട്.
മണ്ണുത്തി ദേശീയപാതയ്ക്ക് ഇരുവശത്തുമുള്ള ഭൂമിയിന്മേലാണ് സർവകലാശാലകൾ തമ്മിൽ അവകാശത്തർക്കം. ഭൂമി കെെമാറ്റക്കാര്യം അടുത്ത മന്ത്രിസഭായോഗം പരിഗണിക്കാനിരിക്കുകയാണ്. കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ഭൂവിസ്തൃതി കണക്കാക്കി ഇക്കൊല്ലം 47 തൊഴിലാളികളെ സ്ഥിരപ്പെടുത്തിയിരുന്നു. 62 താത്കാലിക തൊഴിലാളികളെയും നിയമിച്ചു. ഭൂമി കൈമാറിയാൽ സ്ഥിരം തൊഴിലാളികളെ പുനർവിന്യസിച്ച് താത്കാലികക്കാരെ പിരിച്ചുവിടേണ്ടി വന്നേക്കും.

പരീക്ഷണശാല കെട്ടിടങ്ങൾ പണിയാനും തീറ്റപ്പുൽ കൃഷിയുമാണ് വെറ്ററിനറി സർവകലാശാലയുടെ പദ്ധതി.

സ്ഥലം കൈമാറുന്നത് സംബന്ധിച്ച കാബിനറ്റ് നോട്ടിൽ വെറ്ററിനറി സർവകലാശാലയുടെ റിപ്പോർട്ട് മാത്രമേ പരിഗണിച്ചുള്ളൂവെന്ന് കാർഷിക ഗവേഷണ കേന്ദ്രം അധികൃതർ പറയുന്നു. 2022ൽ വെറ്ററിനറി സർവകലാശാല നിയമ സെക്രട്ടറിയുമായി നടത്തിയ ചർച്ചയിൽ കാർഷിക സർവകലാശാലയെ പങ്കെടുപ്പിച്ചില്ല.

കൈമാറേണ്ട സ്ഥലം 2011ൽ നൽകിയെന്നാണ് കാർഷിക സർവകലാശാല അധികൃതർ പറയുന്നത്. അതിൽ കാർഷികഗവേഷണ കേന്ദ്രമോ അതിനോടനുബന്ധിച്ചുള്ള 38.34 ഹെക്ടറോ പെടില്ല. 2021ലെ ഉന്നതാധികാര സമിതി നിർദ്ദിഷ്ടസ്ഥലത്ത് ദീർഘകാല വിളകളുടെ വിപുലമായ ജനിതക ശേഖരമുണ്ടെന്ന് കണ്ടെത്തിയതിനാൽ തീറ്റപ്പുല്ല് ഉത്പാദനം പ്രായോഗികമല്ലെന്ന് കണ്ടെത്തിയിരുന്നു.

എന്നാൽ തങ്ങൾക്ക്‌ അവകാശപ്പെട്ടതും നികുതി അടയ്ക്കുന്നതുമായ സ്ഥലമാണ് കൈമാറുന്നതെന്നാണ് വെറ്ററിനറി സർവകലാശാലയുടെ വാദം. സ്ഥമില്ലാത്തതിനാൽ കേന്ദ്രസർക്കാരിന്റെ 23 കോടിയുടെ ജന്തുജന്യരോഗ പദ്ധതി നടത്തിപ്പിന് പഴയ ക്വാർട്ടഴ്സ് പൊളിക്കേണ്ടിവന്നു. സ്ഥലമില്ലാത്തത് മറ്റു പദ്ധതികളെയും ബാധിക്കുന്നു.


വകുപ്പുകൾ തമ്മിലുള്ള കാര്യമായതിനാൽ ഇതേപ്പറ്റി ഒന്നും പറയാനാകില്ല.

ഡോ. ബി. അശോക്
വി.സി, കാർഷിക സർവകലാശാല.