
തൃശൂർ: തൃശൂരിൽ ജനുവരി മൂന്നിന് മഹിളാസംഗമത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി മിനി പൂരമൊരുക്കാൻ പാറമേക്കാവ് ദേവസ്വം ആലോചിക്കുന്നു. അന്തിമ തീരുമാനമായിട്ടില്ലെങ്കിലും ആലോചന ആരംഭിച്ചിട്ടുണ്ടെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞു. 15 ആനകളെ നിരത്തി കുടമാറ്റവും 200 വാദ്യകലാകാരന്മാരെ അണിനിരത്തി ചെമ്പട മേളവും ഒരുക്കാനുള്ള ശ്രമത്തിലാണ് പാറമേക്കാവ്.
അതേസമയം പ്രധാനമന്ത്രിയുടെ റോഡ് ഷോ പാറമേക്കാവിന് മുന്നിലെത്തുമോയെന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. സെന്റ് തോമസ് റോഡിൽ നിന്ന് റോഡ്ഷോയായി തേക്കിൻകാട്ടിലേക്ക് പ്രവേശിക്കാനാണ് നിലവിലെ തീരുമാനം. മിനി പൂരമൊരുക്കാൻ പാറമേക്കാവ് തീരുമാനമെടുത്താൽ റൂട്ടിൽ വ്യത്യാസം വരുത്താനും സാദ്ധ്യതയുണ്ട്. മാർപ്പാപ്പ തൃശൂരിലെത്തിയപ്പോഴും പൂരം ഒരുക്കിയിരുന്നു.
പൂരം പ്രതിസന്ധി:
കോൺഗ്രസ്
പകൽപ്പൂരം 2ന്
തൃശൂർ: പൂരം പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ ജനുവരി രണ്ടിന് രാവിലെ 11ന് കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസിന് മുന്നിൽ പകൽപ്പൂരം നടത്തും. പൂരം പ്രദർശന ഗ്രൗണ്ടിന്റെ തറവാടക 2.20 കോടിയായി വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ചാണിത്. ആനയില്ലാതെയാകും പൂരം. ജനുവരി നാലിന് ഹൈക്കോടതി കേസ് പരിഗണിക്കുമ്പോൾ പൂരത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ടി.എൻ.പ്രതാപൻ എം.പി, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ എന്നിവർ ആവശ്യപ്പെട്ടു.
ജനുവരിയിലും വൈദ്യുതി സർചാർജ്
തിരുവനന്തപുരം:ജനുവരിയിലെ വൈദ്യുതി ബില്ലിലും യൂണിറ്റിന് 19 പൈസ നിരക്കിൽ സർചാർജ് ഇൗടാക്കും.പുറമെ നിന്ന് വൈദ്യുതി വാങ്ങിയ വകയിൽ നവംബറിലുണ്ടായ അധികചെലവിന്റെ നഷ്ടം നികത്താൻ കെ.എസ്.ഇ.ബി സ്വന്തം നിലയിൽ യൂണിറ്റിന് 10 പൈസയും സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അനുവദിച്ച 9 പൈസയും ചേർത്താണ് യൂണിറ്റിന് 19 പൈസവീതം ഇൗടാക്കുന്നത്. ഡിസംബറിലും സർചാർജ് ഇൗടാക്കിയിരുന്നു.
കൊവിഡ്കാലത്തെ വേതനം
ഗസ്റ്റ്അദ്ധ്യാപകർക്ക് കിട്ടിയില്ല
തിരുവനന്തപുരം: സർക്കാരിന്റേയും മനുഷ്യാവകാശ കമ്മിഷന്റെയും ഉത്തരവുണ്ടായിട്ടും ഹയർ സെക്കൻഡറിയിലെ ദിവസവേതന അദ്ധ്യാപകർക്കു കൊവിഡ് കാലത്തെ വേതനം നൽകുന്നില്ലെന്ന് പരാതി. ഹൈസ്കൂൾതലം വരെ ഓൺലൈൻ ക്ലാസെടുത്ത അദ്ധ്യാപകർക്കൊപ്പം തങ്ങൾക്കും വേതനം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. വേതനം അനുവദിച്ചുകൊണ്ട് ഒക്ടോബറിൽ സർക്കാർ ഉത്തരവിറക്കി. ഇതുവരെ വേതനം ലഭിച്ചില്ല.
1000ലധികം അദ്ധ്യാപകർക്കാണ് വേതനം ലഭിക്കാനുള്ളത്. ഈ വർഷം ജൂൺ മുതൽ എയ്ഡഡ് ഹയർ സെക്കൻഡറിയിൽ ദിവസവേതന വ്യവസ്ഥയിൽ ജോലിചെയ്യുന്ന അദ്ധ്യാപകർക്കും വേതനം ലഭിച്ചിട്ടില്ല.
ജൂണിൽ നിയമനം നേടി 15 ദിവസത്തിനകം അംഗീകാരത്തിനായി റീജിയണൽ ഓഫീസിൽ സമർപ്പിക്കുന്ന ഫയലുകളിൽ ഡിസംബറായിട്ടും അംഗീകാരം നൽകുന്നില്ലെന്നും പരാതിയുണ്ട്. അംഗീകാരം ലഭിച്ച് സപ്ർക്കിൽ നിന്ന് നമ്പർ ലഭിച്ച് ശമ്പളം ലഭിക്കാൻ കടമ്പകളേറെയുണ്ട്. തങ്ങൾക്കു വിശേഷാവസരങ്ങളിൽ വേതനം നൽകാത്തത് കടുത്ത വിവേചനമാണെന്നും അദ്ധ്യാപകർ പറയുന്നു. വിവിധ ജില്ലകളിൽവച്ച് നവകേരള സദസിൽ പരാതി നൽകിയിട്ടുണ്ട്.