congress

തൃശൂർ : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 139ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളെ ഡി.സി.സിയുടെ നേതൃത്വത്തിൽ ആദരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരും ടി.എൻ.പ്രതാപൻ എം.പിയും വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആദ്യ ആദരവ് വൈകിട്ട് 2.30ന് യൂത്ത് കോൺഗ്രസ് പ്രഥമ ജില്ലാ ജനറൽ സെക്രട്ടറിയും വി.എം.സുധീരൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ മാർഗദർശിയുമായിരുന്ന എൻ.ജി ജയചന്ദ്രൻ മാസ്റ്ററെ അന്തിക്കാട് വസതിയിലെത്തി ആദരിക്കും. വി.എം.സുധീരന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി, സംവിധായകൻ സത്യൻ അന്തിക്കാട് ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. 139 മുതിർന്ന നേതാക്കളെ ആദരിക്കും. കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച പൊലീസിനെതിരെയും ഡി.ജി.പി ഓഫീസ് മാർച്ചിനിടെ കെ.പി.സി.സി. പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും അപായപ്പെടുത്താൻ നേതൃത്വം നൽകിയ മുഖ്യമന്ത്രിക്കെതിരെയും ജനുവരി 6 ന് ജില്ലയിലെ 111 കേന്ദ്രങ്ങളിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഫാസിസ്റ്റ് വിരുദ്ധ വിമോചന സദസ് നടത്തും. സുനിൽ അന്തിക്കാട്, സി.ഒ.ജേക്കബ്ബ്, ഐ.പി.പോൾ , കെ.വി.ശശികുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.