veterenary
veterenary

തൃശൂർ: കാർഷിക സർവകലാശാല രൂപീകരിച്ചപ്പോൾ മൃഗസംരക്ഷണ വകുപ്പിൽ നിന്ന് കാർഷിക സർവകലാശാലയിൽ ലയിപ്പിച്ച 80 ഏക്കർ സ്ഥലം വെറ്ററിനറി സർവകലാശാലയ്ക്ക് അർഹമായതെന്ന് വെറ്ററിനറി സർവകലാശാല. തങ്ങൾക്ക് അവകാശപ്പെട്ട സ്ഥലം മാത്രമേ ചോദിക്കുന്നുള്ളൂവെന്നും വെറ്ററിനറി അധികൃതർ പത്രക്കുറിപ്പിൽ പറയുന്നു.
2012ലെ ആദ്യ ഉത്തരവ് ആരുടെയൊക്കെയോ പ്രേരണയിൽ റദ്ദാക്കി, ഏകദേശം 50 ഏക്കർ ഭൂമി കാർഷിക സർവകലാശാലയിൽ നിലനിറുത്തി 2020ൽ രണ്ടാമത്തെ ഉത്തരവിറക്കി. ഈ ഉത്തരവിന്റെ ബലത്തിലാണ് കാർഷിക സർവകലാശാല വെറ്ററിനറി സർവകലാശാലയ്ക്ക് അവകാശപ്പെട്ട സ്ഥലവും അനുബന്ധ ക്വാർട്ടേഴ്‌സും കൈവശം വച്ചത്. വെറ്ററിനറി കോളേജ് പണികഴിപ്പിച്ച ക്വാർട്ടേഴ്‌സിലാണ് കാർഷിക സർവകലാശാല വി.സി ഇപ്പോൾ താമസിക്കുന്നത്. ആദ്യ ഉത്തരവനുസരിച്ച് പുതിയ താമസസ്ഥലം നിർമ്മിക്കാനോ അല്ലെങ്കിൽ മൂന്ന് വർഷത്തിനുള്ളിൽ ക്വാർട്ടേഴ്‌സ് ഒഴിയാനോ നിബന്ധനയുണ്ടെങ്കിലും ഒഴിഞ്ഞില്ല. വെറ്ററിനറി കോളേജ് ഡീനും മറ്റ് പ്രൊഫസർമാരും കാമ്പസിന് പുറത്ത് താമസിക്കേണ്ട ഗതികേടിലായി. വിവിധ ഫാമുകളിലെ ആയിരത്തിലധികം വളർത്തുമൃഗങ്ങൾക്ക് പുല്ലു വളർത്താൻ സ്ഥലമില്ലാത്തതിനാൽ വേനൽക്കാലത്ത് ഇത് പുറത്തു നിന്ന് വാങ്ങേണ്ടിവരികയാണ്.

വേണ്ടത് 85 ഏക്കർ

സർവകലാശാലയ്ക്ക് ഏകദേശം 85 ഏക്കർ സ്ഥലം പുല്ലു വളർത്താൻ വേണ്ടിടത്ത് 24 ഏക്കറേ ഉള്ളൂ. 12.4 കോടിയുടെ നബാർഡ് പ്രോജക്ട് ഉപയോഗിച്ച് ബി.എസ്.എൽ 3 ലെവൽ റഫറൽ ലബോറട്ടറി സ്ഥാപിക്കാൻ സ്ഥലമില്ലാത്തതിനാൽ 5 ക്വാർട്ടേഴ്‌സ് പൊളിച്ച് ലാബുണ്ടാക്കി. കാർഷിക സർവകലാശാലയ്ക്ക് വെള്ളാനിക്കരയിൽ ആയിരം ഏക്കറുണ്ട്. വിഭജിച്ചപ്പോൾ എല്ലാ കാർഷിക വിജ്ഞാനകേന്ദ്രങ്ങളും കാർഷിക സർവകലാശാലയ്ക്ക് ലഭിച്ചു. കാസർകോട് മുതൽ തിരുവനന്തപുരം വരെ അവർക്ക് 23 ഗവേഷണ, പഠന കേന്ദ്രങ്ങളുണ്ട്. വെറ്ററിനറി സർവകലാശാലയ്ക്ക് അഞ്ച് ജില്ലകളിലേ സ്ഥാപനങ്ങളുള്ളൂ.