തൃശൂർ: സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തദ്ദേശസമേതം കുട്ടികളുടെ പാർലമെന്റിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം. ആകെ 95 പാർലമെന്റുകൾ സംഘടിപ്പിക്കും. ആസൂത്രണ പ്രക്രിയയിൽ കുട്ടികളെക്കൂടി പങ്കാളികളാക്കാനാണ് ശ്രമം. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആസൂത്രണ സമിതി, വർക്കിംഗ് ഗ്രൂപ്പ് യോഗം നടക്കുകയാണ്. വിദ്യാഭ്യാസ വർക്കിംഗ് ഗ്രൂപ്പുകളിൽ കുട്ടികൾക്ക് പങ്കാളിത്തമൊന്നുമില്ല. എന്നാൽ ഇത്തവണ കുട്ടികൾ തങ്ങളുടെ അവകാശങ്ങൾ, കടമകൾ, പ്രശ്‌നങ്ങൾ, പരിഹാരനിർദ്ദേശം എന്നിവ അവതരിപ്പിക്കും. നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് ഗ്രാമനഗരസഭാ ആസൂത്രണ സമിതികൾക്കും ജില്ലാ ആസൂത്രണ സമിതിക്കും കൈമാറും. പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് ഉദ്ഘാടനം ചെയ്തു. ലിനി ഷാജി അദ്ധ്യക്ഷയായി. ടി.വി.മദനമോഹനൻ, പ എസ്.ബസന്ത് ലാൽ പ്രസംഗിച്ചു.