മാള: മാളയുടെ രാഷ്ട്രീയ ചരിത്രം വിവരിക്കുന്ന കെ.സി. വർഗീസിന്റെ നാലാമത് പുസ്തകം വന്ദേമാതരം 31 ന് പ്രകാശനം ചെയ്യുമെന്ന് മാള പൗരാവലി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 1940 മുതൽ 1950 വരെയുള്ള മാളയുടെ കാർഷിക, സാംസ്‌കാരിക, രാഷ്ട്രീയ പഞ്ചാത്തലത്തിൽ തയ്യാറാക്കിയതാണ് ഈ നോവൽ. മാളയിലെ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന എം.ടി. ലാസർ മാസ്റ്റർ കേന്ദ്ര കഥാപാത്രമായി വരുന്ന ഈ നോവലിൽ ഒരു കൊലപാതകത്തിന്റെ കൽപ്പിത കഥയിലൂടെ ചില സത്യങ്ങൾ കെ.സി. വർഗീസ് വിളിച്ചു പറയുന്നു. മാളയുടെ രണ്ടായിരം വർഷത്തെ ചരിത്രം പറഞ്ഞ 'മാളയുടെ പൈതൃക ഭൂവിൽ, കൊടിയനച്ചന്റെ ജീവചരിത്രം സ്‌നേഹ ഗോപുരം, സോഷ്യലിസ്റ്റ് ഇന്ത്യയുടെ തിരുമുറിവുകൾ എന്നീ പുസ്തകങ്ങൾ കെ.സി. വർഗീസ് രചിച്ചിട്ടുണ്ട്.
മാള പൗരാവലിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രകാശന കർമ്മം 31ന് ഉച്ചതിരിഞ്ഞ് മൂന്നിന് മാള പഞ്ചായത്ത് ഹാളിൽ വച്ച് കേരള സാഹിത്യ അക്കാർഡമി പ്രസിഡന്റ് പ്രൊഫ. കെ. സച്ചിദാനന്ദൻ നിർവഹിക്കും. ചാലക്കുടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാലഗോപാലൻ പുസ്തകം ഏറ്റുവാങ്ങും. പൊതുസമ്മേളനം വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പൗരാവലി പ്രസിഡന്റ് രാജു ഡേവീസ് അദ്ധ്യക്ഷനാകും. എം.പി. സുരേന്ദൻ മുഖ്യപ്രഭാഷണം നടത്തും. മാള പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു, ഫാ. ജോർജ് പാറേമൽ, മൗലവി സുബൈർ മന്നാനി, യൂജിൽ മോറേലി, പി.കെ. സാബു എന്നിവർ പങ്കെടുക്കും. പുസ്തക പ്രകാശനത്തിന്റെ ഭാഗമായി അന്നെ ദിവസം ചരിത്ര എക്‌സ്ബിഷൻ പഞ്ചായത്ത് ഹാളിൽ നടക്കും. ഉച്ചതിരിഞ്ഞ് 2.30ന് ആരഭിക്കുന്ന എക്‌സിഷൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ ഉദ്ഘാടനം ചെയ്യുമെന്നും മാള പൗരാവലി പ്രസിഡന്റ് രാജു ഡേവീസ് പെരേപ്പാടൻ, സെക്രട്ടറി ഷാന്റി ജോസഫ് തട്ടകത്ത്, ട്രഷറർ ദേവസി കൊടിയൻ, കെ.സി. വർഗീസ്, ഡേവീസ് പാറേക്കാട്ട് എന്നിവർ പറഞ്ഞു.