
തൃശൂർ: ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്ന ശേഷം രാജ്യത്ത് തൊഴിൽനിയമങ്ങളിലും തൊഴിൽസംരക്ഷണത്തിലും വലിയ മാറ്റമാണ് സംഭവിക്കുന്നതെന്ന് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീം. അതിന് മുൻപുണ്ടായിരുന്ന മിക്കവാറും കോൺഗ്രസ് സർക്കാരുകൾ അനുവദിച്ചു തന്ന ഒട്ടേറെ ആനുകൂല്യങ്ങളും തൊഴിൽ സംരക്ഷണ നിയമങ്ങളും ഇപ്പോഴത്തെ മോദി സർക്കാർ അട്ടിമറിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഐ.എൻ.ടി.യു.സി സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് ജവഹർ ബാലഭവൻ ഹാളിൽ 'ഇന്നത്തെ ഇന്ത്യയും തൊഴിലവകാശങ്ങളും' എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ സിമ്പോസിയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരിക്കുന്ന സർക്കാരുകളുടെ മുഖം നോക്കാതെ തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാനുള്ള പൊതുവേദിയിൽ ട്രേഡ് യൂണിയൻ ഒന്നിച്ചു നിൽക്കണം. ഇക്കാര്യത്തിൽ ഐ.എൻ.ടി.യു.സിയുടെ പ്രവർത്തനം മാതൃകാപരമാണ്. ഡോ.മൻമോഹൻ സിംഗ് പ്രധാനമന്ത്രി ആയിരിക്കെ സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്കടക്കമുള്ള ദേശീയ സമരങ്ങൾക്ക് അവരാണ് നേതൃത്വം നൽകിയത്.
എന്നാൽ, ബി.ജെ.പി ഭരണത്തിലെത്തിയപ്പോൾ ഈ പൊതുധാരയിൽ നിന്ന് ബി.എം.എസ് പിന്നോട്ടു പോയതിനെ അദ്ദേഹം കുറ്റപ്പെടുത്തി.
മുതിർന്ന ട്രേഡ് യൂണിയൻ നേതാവ് സി.ഹരിദാസ് സെമിനാർ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി പി.ജെ.ജോയി, ബി.എം.എസ് മുൻ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ.സജി നാരായണൻ, എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.എസ്.സുധീഷ്, എം.റഹമത്തുള്ള എന്നിവർ പ്രസംഗിച്ചു. തൃശൂർ പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഒ.രാധിക മോഡറേറ്റായി.