കൊടകര: നെല്ലായി സെന്റ് മേരീസ് പള്ളിയിൽ പരി. കന്യാമറിയത്തിന്റെയും വി. സെബാസ്ത്യാനോസിന്റെയും തിരുനാൾ വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ ആഘോഷിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. തിരുന്നാളിന്റെ കൊടിയേറ്റം വെള്ളിയാഴ്ച വൈകീട്ട് 5.45ന് വികാരി ഫാ. ഡെവിസ് കൂട്ടാല നിർവഹിക്കും. തുടർന്ന് പാട്ടുകുർബ്ബാന, ലദീഞ്ഞ്, നൊവേന, ദീപാലങ്കാരം സ്വിച്ച് ഓൺ കർമ്മം എന്നിവ നടക്കും.
ശനിയാഴ്ച രാവിലെ 6.30ന് പ്രസുദേന്തി വാഴ്ച, ആഘോഷമായ പാട്ടുകുർബാന, വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്, രാത്രി ഒമ്പതിന് അമ്പ് പ്രദക്ഷിണങ്ങൾ പള്ളിയിൽ എത്തിചേരും. തുടർന്ന് വേസ്പര ബാൻഡ് മേളം എന്നിവയുണ്ടാകും.
തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 9.30ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, വൈകീട്ട് 4.15ന് തിരുനാൾ പ്രദക്ഷിണം, ആകാശത്ത് വർണവിസ്മയം, എട്ടിന് തിരുസ്വരൂപങ്ങൾ എടുത്തുവയ്ക്കൽ, തിങ്കളാഴ്ച മരിച്ചവരുടെ അനുസ്മരണ ദിനം, വൈകീട്ട് ഏഴിന് ഗാനമേള എന്നിവയുണ്ടാകും.
വാർത്താ സമ്മേളനത്തിൽ കൈക്കാരൻ മാത്യൂസ് കാളൻ, ജനറൽ കൺവീനർ വിൽസൺ കാരാത്ര, ജോയിന്റ് കൺവീനർ ഷാജു ആഴ്ചങ്ങാടൻ, പബ്ലിസിറ്റി കൺവീനർ സീക്കോ മഞ്ഞളി, ജോർജ് മഞ്ഞളി എന്നിവർ പങ്കെടുത്തു.