ഇരിങ്ങാലക്കുട : നട്ടെല്ലിന് ക്ഷതമേറ്റ് ദുരിതമനുഭവിക്കുന്നവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുന്നതിനുള്ള ബൃഹത് പദ്ധതി രേഖ നിപ്മർ സർക്കാരിന് സമർപ്പിച്ചു. പുനരധിവാസ മേഖലയിലെ വെർച്വൽ റിയാലിറ്റി അധിഷ്ഠിതമായ ഫിസിയോതെറാപ്പി, ഹൈഡ്രോതെറാപ്പി, ഗെയ്റ്റ് ആൻഡ് മോഷണൽ അനാലിസിസ് ലാബ് ഉൾപ്പടെ ആധുനിക സംവിധാനങ്ങൾ നിപ്മറിലുണ്ട്. എന്നാൽ ഒരേ സമയം എട്ടു പേരെ ചികിത്സിക്കുന്നതിനുള്ള സംവിധാനം മാത്രമാണ് നിപ്മറിലുള്ളത്. അതുകൊണ്ടു തന്നെ ചികിത്സാവശ്യത്തിനായി എത്തുന്ന നിരവധി പേരെ തിരിച്ചയക്കേണ്ട സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തിൽ നിപ്മറിൽ 300 ബെഡുകളുള്ള പുനരധിവാസ ആശുപത്രി വേണമെന്നാണ് ആവശ്യം. ഇതിനായി പുതിയ കെട്ടിടങ്ങളും സ്ഥലവും വേണം. ആശുപത്രി വികസനത്തിനായി മിതമായ വിലയിൽ ആറേക്കർ സ്ഥലം വിട്ടു നൽകാമെന്ന് ആളൂർ പഞ്ചായത്തിലെ ആറു പേർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

സർക്കാർ സംവിധാനങ്ങൾ കുറവ്
അപകടം സംഭവിച്ചതിന് ശേഷമുള്ള ട്രോമാകെയർ സംവിധാനത്തിന് പുറമെ നടത്തേണ്ട പുനരധിവാസ ചികിത്സയ്ക്കുള്ള സംവിധാനങ്ങൾ സർക്കാർ മെഡിക്കൽ കോളജുകളിൽ കുറവാണ്. കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളജുകളിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗങ്ങളിലായി ആകെ 150 കിടക്കകളാണ് പുനരധിവാസ ചികിത്സയ്ക്കായി നീക്കിവച്ചിട്ടുള്ളത്. കൂടാതെ സാമൂഹ്യ നീതിവകുപ്പിന് കീഴിലുള്ള നിപ്മറിൽ എട്ട് കിടക്കകളുള്ള സൗകര്യവും ലഭ്യമാണ്.