1

പാർട്ടിയും യൂണിയനും കൈവിട്ടതോടെയാണ് രാജിയെന്ന് സൂചന


തൃശൂർ: മെഡിക്കൽ കോളേജിൽ സൂപ്രണ്ട് ഇൻ ചാർജിന്റെ ചുമതല വഹിക്കുന്നതിനിടെ വിവാദ തീരുമാനങ്ങളെടുത്ത ഡെപ്യുട്ടി സൂപ്രണ്ടും ഭരണകക്ഷി യൂണിയന്റെ പ്രമുഖ നേതാവുമായിരുന്ന നിഷ എം. ദാസും ആർ.എം.ഒ രൺധീപും തത്സ്ഥാനം രാജിവച്ചു. രാജി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി. ഷീലയ്ക്ക് കഴിഞ്ഞ ദിവസം കൈമാറി. മന്ത്രി അടക്കമുള്ളവർക്ക് ഇവരുടെ പ്രവർത്തനത്തിൽ ഏറെ നീരസം ഉള്ളതായി അറിയുന്നു. കോടികളുടെ വികസനം നടത്തിയിട്ടും വിവാദങ്ങൾ മൂലം അതെല്ലാം മൂടിപ്പോയിരുന്നു. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച രണ്ടു വ്യക്തികളാണ് രാജിവച്ച് ഒഴിയുന്നത്. ആയിരക്കണക്കിന് പേർക്ക് ആശ്രയമായിരുന്ന കോഫീഹൗസ് കെട്ടിടം ഒറ്റ രാത്രി കൊണ്ട് പൊളിച്ചുനീക്കിയിരുന്നു. ഇത് സംബന്ധിച്ച് കോടതിയിലും പൊലീസിലും കേസുണ്ട്. ഇതിന് പിന്നാലെയാണ് എച്ച്.ഡി.എസ് വിഭാഗത്തിലെ ക്രമക്കേട് പുറത്തുവന്നത്. ഇക്കാര്യത്തിൽ കളക്ടർ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. തുടർന്ന് വിശദമായ പരിശോധന നടത്തണമെന്ന റിപ്പോർട്ടും നൽകി. എന്നാൽ എച്ച്.ഡി.എസ് ചെയർമാനായ കളക്ടറുടെ അനുമതിയില്ലാതെ പരിശോധനയ്ക്ക് പത്തംഗ സമിതിയെ നിയോഗിച്ചതും സൂപ്രണ്ട് ഇൻ ചാർജായിരുന്നു.
ഇത് കളക്ടർ റദ്ദാക്കി. എച്ച്.ഡി.എസ് വിഭാഗത്തിൽ ലക്ഷങ്ങളുടെ ക്രമക്കേടാണ് കണ്ടെത്തിയത്. ഈ വിഭാഗത്തിന്റെ ചുമതലക്കാരിയെന്ന നിലയിൽ ഗുരുതര വീഴ്ചയാണ് ഉണ്ടായിട്ടുള്ളതെന്നും വിലയിരുത്തലുണ്ടായിരുന്നു. കാന്റീൻ നടത്തിപ്പ്, എച്ച്.ഡി.എസ് വിഭാഗത്തിലെ ക്രമക്കേട്, താത്കാലിക ജീവനക്കാർക്ക് ചുവപ്പ് നിറത്തിലുള്ള കോട്ടിനായി ടെൻഡർ വിളിച്ചത് ഉൾപ്പെടെ വിവാദങ്ങളേറെ. രൺധീപിനെതിരെയും പരാതികൾ നിരവധിയുണ്ടായിരുന്നു. സഹപ്രവർത്തകരോട് മോശമായ പെരുമാറ്റം നടത്തിയതിനെതിരെ ആർ.എം.ഒക്കെതിരെ പരാതി നിലനിൽക്കുന്നുണ്ട്.


പാർട്ടിയും യൂണിയനും കൈവിട്ടു

മെഡിക്കൽ കോളേജിലെ ഭരണകക്ഷി യൂണിയന് ഉൾപ്പെടെ ഇവരുടെ പ്രവർത്തനങ്ങളിൽ എതിർപ്പ് ശക്തമായിരുന്നു. പലതവണ യൂണിയന് പരാതി നൽകുകയും ചെയ്തു. അപ്പോഴേല്ലാം പാർട്ടിയിലെ പ്രമുഖ നേതാക്കളുമായുള്ള ബന്ധം ഉപയോഗിച്ച് സ്ഥാനം നിലനിറുത്തി. നേരത്തെ ഉണ്ടായിരുന്ന സൂപ്രണ്ട് രാജിവച്ചപ്പോൾ പുതിയ സൂപ്രണ്ടിനെ നിയമിക്കാതെ ഡെപ്യുട്ടി സൂപ്രണ്ടായിരുന്ന നിഷ എം. ദാസിന് ചുമതല നൽകുകയായിരുന്നു. ഈ കാലയളവിലാണ് നിരവധി വിവാദ തീരുമാനങ്ങളെടുത്തത്. പുതിയ സൂപ്രണ്ടിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐയുടെ യുവജന പ്രസ്ഥാനമായ എ.ഐ.വൈ.എഫ് വരെ പ്രക്ഷോഭം നടത്തിയിരുന്നു. എന്നിട്ടും ഇവർ ഒരു വർഷത്തോളം ഭരണ സ്വാധീനത്താൽ താത്കാലിക ചുമതലയിൽ തുടർന്നു. ഭരണകക്ഷി യൂണിയനിൽ നിന്ന് എതിർപ്പ് കൂടുതൽ ശക്തമായതോടെ പാർട്ടിയും ഇരുവരെയും കൈവിടുകയായിരുന്നു.


ഇരു വരുടെയും രാജി ലഭിച്ചിട്ടുണ്ട്. കാരണങ്ങൾ പ്രത്യേകിച്ച് രേഖപ്പെടുത്തിയിട്ടില്ല. രാജി ഡയറക്ടർക്ക് കൈമാറും. രണ്ട് തസ്തികകളിലേക്കും ഉള്ള നിയമനം ഉടൻ ഉണ്ടാകും.
- ഡോ. ബി. ഷീല, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ