തൃശൂർ: കാർഷിക സർവകലാശാലയുടെ ഭൂമി വെറ്ററിനറി സർവകലാശാലയ്ക്ക് കൈമാറാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. മണ്ണുത്തി കാർഷിക സർവകലാശാലയ്ക്ക് മുമ്പിലായിരുന്നു സമരം. നീക്കം ഉപേക്ഷിക്കണമെന്നും അമൂല്യമായ നടീൽ വസ്തുക്കളും മറ്റും സംരക്ഷിക്കണമെന്നും ഫാം വർക്കേഴ്‌സ് യൂണിയൻ ആവശ്യപ്പെട്ടു. ധർണ യൂണിയൻ സംസ്ഥാനജനറൽ സെക്രട്ടറി പി.ആർ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജനറൽ കൗൺസിൽ അംഗം സതീഷ് കുമാർ അദ്ധ്യക്ഷനായി. ടീച്ചേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.പ്രേമൻ, എംപ്ലോയീസ് അസോസിയേഷൻ മദ്ധ്യമേഖലാ സെക്രട്ടറി പ്രതീഷ്, ഫിറോഷ് ഫ്രാൻസിസ്, പ്രിയ, വിനീത്, റിജോ എന്നിവർ പ്രസംഗിച്ചു.