മാള: മാളയിലെ ഫയർ സ്‌റ്റേഷൻ കെട്ടിടം, ഗ്യാരേജ് എന്നിവയുടെ അറ്റകുറ്റപ്പണികൾക്കായി 2023 ഡിസംബറിൽ 75 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായും ടെണ്ടർ നടപടികൾക്കായി പൊതുമരാമത്ത് എക്‌സി. എൻജിനിയർക്ക് 2023 ഡിസംബർ 15ന് സമർപ്പിച്ചിട്ടുള്ളതായും മറുപടി. നവകേരള സദസിൽ പൊതുപ്രവർത്തകൻ ഷാന്റി ജോസഫ് തട്ടകത്ത് നൽകിയ പരാതിക്കാണ് ഈ മറുപടി ലഭിച്ചത്. ഫയർ സ്റ്റേഷനിലേയ്ക്കുള്ള 80 മീറ്റർ വരുന്ന റോഡ് സ്വകാര്യ വ്യക്തിയുടെ കൈവശമായതിനാൽ പൊയ്യ പഞ്ചായത്തിന് പണം ചെലവഴിച്ച് പുനർനിർമ്മിക്കാൻ സാദ്ധ്യമല്ലെന്നും മറുപടിയിൽ പറയുന്നു. എന്നാൽ 80 മീറ്റർ റോഡ് ഫയർ സ്‌റ്റേഷന് കരാർ പ്രകാരം വിട്ടുനൽകിയിട്ടുള്ളതാണെന്നും അതുപ്രകാരമാണ് സ്ഥലം ഏറ്റെടുത്ത് കെട്ടിടം നിർമ്മിച്ചതും റോഡ് ടാർ ചെയ്തതെന്നും ഷാന്റി ജോസഫ് തട്ടകത്ത് ചൂണ്ടിക്കാട്ടി.