കൊടുങ്ങല്ലൂർ : എക്‌സൈസ് വകുപ്പ് നടപ്പാക്കുന്ന വിമുക്തി പദ്ധതി ഗുണം ചെയ്യുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്ന സാഹചര്യത്തിൽ പദ്ധതിയെ കൂടുതൽ ജനകീയമാക്കിയും പദ്ധതിയിൽ പുതിയ പരിപാടികൾ ഉൾപ്പെടുത്തി കയ്പമംഗലം മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി ജനകീയമായി സംഘടിപ്പിക്കുമെന്ന് ഇ.ടി. ടൈസൺ എം.എൽ.എ പറഞ്ഞു. എക്‌സൈസ് വകുപ്പിന്റെ ജനകീയ കമ്മിറ്റിയിൽ സംസാരിക്കുകയായിരുന്നു എം.എൽ.എ. ശാന്തിപുരം പി.എ. സെയ്ത് മുഹമ്മദ് സ്മാരക ലൈബ്രറി സ്റ്റുഡന്റ് റിസർച്ച് സെന്ററിൽ നടന്ന യോഗത്തിൽ കഴിഞ്ഞ കാലയളവിലെ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങളുടെയും വിമുക്തി പ്രവർത്തനങ്ങളുടെയും വിലയിരുത്തലും നടന്നു. കൊടുങ്ങല്ലൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം.എഫ്. സുരേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ശ്രീനാരായണപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിത പ്രദീപ്, ഡെപ്യൂട്ടി തഹസിൽദാർ ടി.ആർ. സംഗീത്, എക്‌സൈസ് ഇൻസ്‌പെക്ടർ എം. ഷാംനാഥ്, ബഷീർ വടക്കൻ എന്നിവർ സംസാരിച്ചു.