 
മണപ്പുറം സമീക്ഷ മണലൂർ കാരമുക്ക് എസ്.എൻ.ജി.എസ്.എച്ച്.എസ്.എസിൽ സംഘടിപ്പിച്ച ചെറുകഥാ ക്യാമ്പ് എൻ.എസ്. മാധവൻ ഉദ്ഘാടനം ചെയ്യുന്നു.
കാഞ്ഞാണി: കഥാരചനയുടെ ശക്തി ഒളിച്ചിരിക്കുന്നത് ഉള്ളടക്കത്തിലാണെന്ന് എൻ.എസ്. മാധവൻ പറഞ്ഞു. മണപ്പുറം സമീക്ഷ മണലൂർ കാരമുക്ക് എസ്.എൻ.ജി.എസ്.എച്ച്.എസ്.എസിൽ സംഘടിപ്പിച്ച ചെറുകഥാ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ ജീവിത ദർശനത്തിന്റെ ഊർജപ്രവാഹം ഉള്ളടക്കത്തിൽ ഉണ്ടങ്കിൽ ആ രചന കാലത്തെ അതിജീവിക്കും. കേരള ചരിത്രത്തിന്റെ പാതയിലൂടെയാണ് കഥയുടെ ചരിത്രവും മുന്നേറിയത്. സാമൂഹ്യവ്യവസ്ഥയുടെ പശ്ചാത്തലത്തിലാണ് ഏതു കഥയും പിറക്കുന്നത്. ജന്മിത്വത്തിന്റെ കാലഘട്ടത്തിൽ എഴുതപ്പെട്ട കഥകളിൽ സവർണ്ണത്തം അംഗീകരിക്കപ്പെട്ട ഒന്നായിരുന്നു. ദളിത് കഥാപാത്രങ്ങൾ അദൃശ്യരായിരുന്നു. എന്നാൽ നവോത്ഥാനകാലഘട്ടത്തിൽ എഴുതപ്പെട്ട കഥകൾ ഉള്ളടക്കത്തിൽ ദിശാവ്യതിയാനം വരുത്തി. ഭാവിയെപ്പറ്റിയുള്ള സ്വപ്നങ്ങൾ കഥയുടെ ഉള്ളടക്കമായി. പുതിയ വ്യവസ്ഥയെപ്പറ്റിയുള്ള പ്രത്യാശകളാണ് കഥാ മാദ്ധ്യമത്തെ നയിക്കുന്നതെന്നും എൻ.എസ്. മാധവൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം വി.എൻ. സുർജിത്ത് അദ്ധ്യക്ഷനായി. പ്രൊഫ. ടി.ആർ. ഹാരി ആമുഖ പ്രഭാഷണം നടത്തി. വി.എൻ. രണദേവ്, ടി.എസ്. സുനിൽകുമാർ, പി.എ. ജയപ്രകാശ്, പ്രീത പി.രവീന്ദ്രൻ, ജയന്തി മേനോൻ, കെ.കെ. ഷൈൻ, എം.ബി. സജീവൻ, കെ.ജി. ഗിലാൽ എന്നിവർ സംബന്ധിച്ചു. അശോകൻ ചരുവിൽ, ഇ.സന്തോഷ് കുമാർ, എൻ. രാജൻ, എം.പി. സുരേന്ദ്രൻ, പി.എസ്. റഫീഖ്, മാധവ് രാംദാസ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സംസ്ഥാനാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട 50 പേർ പങ്കെടുക്കുന്ന ക്യാമ്പ് നാളെ സമാപിക്കും. കെ.വി ഉണ്ണിക്കൃഷ്ണൻ, അരവിന്ദൻ പണിക്കശ്ശേരി, പി. സലിംരാജ് എന്നി വർ ക്യാമ്പ് ഡയറക്ടർമാരാണ്.