കൊടുങ്ങല്ലൂർ : കേരളത്തിലെ ഏറ്റവും മനോഹരമായ കടപ്പുറങ്ങളിൽ ഒന്നായ അഴീക്കോട് ഡോൾഫിൻ ബീച്ചിനോടുള്ള എൽ.ഡി.എഫ് സർക്കാരിന്റെ അവഗണന തുടരുകയാണ് ആരോപണം ഉയരുന്നു. ക്രിസ്മസ്, ന്യൂ ഇയർ എന്നിവ പ്രമാണിച്ച് താരതമ്യേന ചെറിയ കടപ്പുറങ്ങളിൽപോലും വലിയ ആഘോഷങ്ങൾ നടക്കുമ്പോൾ ഏവർക്കും ഇഷ്ടപ്പെട്ട അഴീക്കോട് ബീച്ചിൽ മാത്രം യാതൊരു ആഘോഷവുമില്ലെന്ന് ആരോപണം ഉയരുന്നു. ഒട്ടേറെ പ്രദേശവാസികൾക്ക് ചെറുകിട കച്ചവടം ചെയ്ത് സാമ്പത്തിക നേട്ടം ഉണ്ടാകുന്ന ഇത്തരം ആഘോഷങ്ങൾ സംഘടിപ്പിക്കാത്ത എൽ.ഡി.എഫ് ഭരണകൂടം അഴീക്കോട് ബീച്ചിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങൾ ഞായറാഴ്ച മെഴുകുതിരി കത്തിച്ച് അഴീക്കോട് ബീച്ചിൽ പ്രതിഷേധിക്കും. വൈകിട്ട് 5.30ന് നടക്കുന്ന പ്രതിഷേധ പരിപാടിയിൽ എറിയാട് പഞ്ചായത്തിലെ കോൺഗ്രസിന്റെയും പോഷക സംഘടനകളുടേയും നേതാക്കൾ പങ്കെടുത്ത് സംസാരിക്കുമെന്ന് പഞ്ചായത്ത് അംഗങ്ങളായ പി.കെ. മുഹമ്മദ്, കെ.എം. സാദത്ത്, രാജീവൻ, പി.എച്ച്. നാസർ, ലൈല സേവ്യർ, നജ്മ അബ്ദുൾ കരീം എന്നിവർ അറിയിച്ചു.