nss-camp

ചാലക്കുടി: എൻ.എസ്.എസ് ക്യാമ്പിന്റെ ഭാഗമായി കലാഭവൻ മണി പാർക്കിന് മുൻപിൽ വി.ആർ. ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾ സ്‌നേഹാരാമം ഒരുക്കുന്നു. കലാഭവൻ ഭവൻ പാർക്കിന് മുൻപിൽ സ്‌കൂൾ മതിലിനോട് ചേർന്ന സ്ഥലത്താണ് വിദ്യാർത്ഥികൾ സ്‌നേഹാരാമം ഒരുക്കുന്നത്. വഴിയോരങ്ങളോട് ചേർന്നുള്ള പൊതുയിടങ്ങൾ മനോഹരമാക്കുകയാണ് ലക്ഷ്യം.
നഗരസഭയുടെ നിർദ്ദേശ പ്രകാരമാണ് വിദ്യാർത്ഥികളുടെ ദൗത്യം. മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഓരോ എൻ.എസ്.എസ് യൂണിറ്റും സ്‌നേഹാരാമം ഒരുക്കുന്ന പദ്ധതി നടപ്പാക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ശുചിത്വ മിഷനിൽ നിന്നും അനുവദിക്കുന്ന 5000 രൂപ ഇതിന് നൽകും.

7 ദിവസത്തെ ക്യാമ്പ് സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർപേഴ്‌സൺ ആലീസ് ഷിബു അദ്ധ്യക്ഷയായി. സൂസി സുനിൽ, പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, ഷിബു വാലപ്പൻ, നിത പോൾ, ജിതി രാജൻ, പ്രിൻസിപ്പൽ സുമ പി.കെ, പി.ടി.എ പ്രസിഡന്റ് ജോഫിൻ ജോസ്, വി.വി. വേലായുധൻ, കോ- ഓർഡിനേറ്റർ വിജീഷ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.