തൃശൂർ: കോൺഗ്രസിന്റെ 139-ാം ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ 139 കോൺഗ്രസ് നേതാക്കളെ ആദരിക്കുന്ന ചടങ്ങിന് അന്തിക്കാട് തുടക്കം. യൂത്ത് കോൺഗ്രസിന്റെ ആദ്യ ജില്ലാ ജനറൽ സെക്രട്ടറിയും ഒട്ടേറെ മുതിർന്ന നേതാക്കളുടെ വഴികാട്ടിയുമായിരുന്ന എൻ.ജി. ജയചന്ദ്രൻ മാസ്റ്ററെ അദ്ദേഹത്തിന്റെ അന്തിക്കാട്ടെ വസതിയിലെത്തി ആദരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചടങ്ങിന് തുടക്കം കുറിച്ചു.
അവർ വെട്ടിയ വഴികളിലൂടെ നടക്കാൻ കഴിഞ്ഞത് അഭിമാനകരമാണ്. അവർ തെളിച്ച വഴികളിലൂടെ സഞ്ചരിക്കാനാണ് ഓരോ കോൺഗ്രസുകാരും ശ്രമിക്കേണ്ടത്. അത്രമാത്രം പ്രയാസപ്പെട്ട ഒരു തലമുറ നമുക്ക് പിന്നിൽ നടന്നിരുന്നു എന്നത് പ്രചോദനവും പിൻബലവുമാണെന്ന് വി.ഡി. സതീശൻ ഓർമ്മിപ്പിച്ചു. കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ അദ്ധ്യക്ഷനായി. യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, ടി.എൻ. പ്രതാപൻ എം.പി, സംവിധായകൻ സത്യൻ അന്തിക്കാട് തുടങ്ങിയവർ സന്നിഹിതരായിരുന്നു.