
തൃശൂർ: കാർഷിക സർവകലാശാലയുടെ ഭൂമി വെറ്ററിനറി സർവകലാശാലയ്ക്ക് നൽകാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന ഇടതനുകൂല സംഘടനകളുടെ ആവശ്യം ശക്തമാകുന്നു. മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിന്റേത് ഉൾപ്പെടെ സ്ഥലം കൈമാറുന്നതിനെതിരെ സമരം ശക്തമാക്കാനാണ് തീരുമാനം. ഭൂമി കൈമാറ്റത്തിനെതിരെ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ ഫാം വർക്കേഴ്‌സ് യൂണിയൻ കാർഷിക സർവകലാശാലയ്ക്ക് മുമ്പിൽ സമരം നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെ തെറ്റിദ്ധരിപ്പിച്ച് സർവകലാശാലയുടെ വിലയേറിയ ഭൂമിയും ആസ്തിയും കൈമാറുന്നത് കർഷകരെ പ്രതിസന്ധിയിലാക്കും. സർവകലാശാലയുടെ പ്രധാന സ്റ്റേഷൻ നിലനിറുത്തണമെന്ന് കൃഷിമന്ത്രിയോട് ആവശ്യപ്പെട്ടതായി ടീച്ചേഴ്‌സ് ഓർഗനൈസേഷൻ ഭാരവാഹികൾ പറഞ്ഞു. കാർഷിക സർവകലാശാലയെ വെറ്ററിനറിക്ക് വിട്ടുകൊടുക്കാനാണ് ശ്രമമെന്നും എസ്.എഫ്.ഐ, സി.ഐ.ടി.യു, ടീച്ചേഴ്‌സ് ഓർഗനൈസേഷൻ, എംപ്‌ളോയീസ് അസോസിയേഷൻ എന്നിവ ആരോപിച്ചു.