
തൃശൂർ: സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ശോഭ കെടുത്താനാണെന്നും അദ്ദേഹത്തെ സർക്കാർ വേട്ടയാടുകയാണെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബി.ജെ.പിയിൽ അംഗത്വമെടുത്തവർക്കുള്ള സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരേഷ് ഗോപിക്കെതിരെ അന്വേഷണം നടത്തിയ കോഴിക്കോട് പൊലീസിന് തെളിവുകളൊന്നും കണ്ടെത്താനായില്ല. തിരുവനന്തപുരത്ത് രാഷ്ട്രീയ ഗൂഢാലോചന നടത്തി. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സുരേഷ് ഗോപിയെ ജനങ്ങളിൽ നിന്നും മാറ്റിനിറുത്താനാണ് ശ്രമം.
കരുവന്നൂർ സഹകരണ ബാങ്ക്, തൃശൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്ന പൊലീസാണ് സുരേഷ് ഗോപിയെ കുടുക്കാൻ നടക്കുന്നത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന തൃശൂരിലെ മഹിളാസംഗമത്തിൽ കേരളത്തിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മഹിളകളെത്തും. വനിതാസംവരണ ബിൽ പാസാക്കിയ പ്രധാനമന്ത്രിക്കുള്ള കേരളത്തിലെ വനിതകളുടെ ആദരവാകും പ്രകടമാവുക.
നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുമ്പേ നൂറുകണക്കിനാളുകളാണ് ബി.ജെ.പിയിൽ ചേരുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ സെക്രട്ടറി മനീഷ്‌കുമാർ അടക്കമുള്ളവരെ സ്വീകരിച്ചു. ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ്‌കുമാർ അദ്ധ്യക്ഷനായി.