
തൃശൂർ: ബ്രാഹ്മണക്കണ്ട (ലെപിഡോപൈഗോപ്‌സിസ് ടൈപ്പസ്) മത്സ്യത്തിന്റെ മൈറ്റോകോൺഡ്രിയൽ ജീനുകളുടെ പൂർണരൂപം ഫിഷറീസ് സർവകലാശാലയിലെ (കുഫോസ്) ഗവേഷകർ കണ്ടെത്തി. പെരിയാർ കടുവാസങ്കേതത്തിലെ അരുവികളിലും തേക്കടി തടാകത്തിലും മാത്രമാണ് ഇവയുള്ളത്. കോശത്തിലെ ഊർജോത്പാദന കേന്ദ്രങ്ങളാണ് മൈറ്റോകോൺഡ്രിയ. ഇതിലെ ഡി.എൻ.എ തന്മാത്രകളിലായിരുന്നു പഠനം.
ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഒഫ് നേച്ചറിന്റെ ചുവപ്പ് പട്ടികയിലുള്ള ബ്രാഹ്മണക്കണ്ട വംശനാശ ഭീഷണിയും നേരിടുന്നുണ്ട്. ബ്രാഹ്മണക്കണ്ടയെ കുറിച്ച് കണ്ടെത്തിയ വിവരങ്ങൾ അന്താരാഷ്ട്ര ശാസ്ത്ര ജേർണലിൽ (ജീൻ) പ്രസിദ്ധീകരിച്ചു. ജലപ്രാണികൾ, വിരകൾ, കൊഞ്ച് വർഗജീവികൾ, മുടി പായൽ എന്നിവയാണ് ഇവയുടെ പ്രധാന ഭക്ഷണം.
കുഫോസ് അദ്ധ്യാപകൻ ഡോ. രാജീവ് രാഘവൻ, ഗവേഷകയായ ഡോ.ആര്യ സിദ്ധാർത്ഥൻ, പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജ് സുവോളജി ഗവേഷക വിദ്യാർത്ഥി ശ്വേത ചന്ദ്ര, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് സുവോളജി അദ്ധ്യാപകൻ ഡോ.അഭിലാഷ് രവിമോഹനൻ, ന്യൂഡൽഹി ശിവ് നാടാർ സർവകലാശാലയിലെ ഡോ.നീലേഷ് ദഹനുകർ എന്നിവരുടെ നേതൃത്വത്തിൽ വനം വകുപ്പിന്റെ സഹകരണത്തോടെയായിരുന്നു ഗവേഷണം.
'പൂണൂൽരേഖ'യിൽ നിന്ന് പേര്
1941ൽ പെരിയാർ തടാകത്തിൽ നിന്ന് ദിവാൻ ബഹദൂർ സുന്ദരരാജാണ് ഇതിനെപ്പറ്റി ആദ്യമായി വിവരിച്ചത്. പൂണൂൽ പോലുള്ള രേഖ ശരീരത്തിലുള്ളതിനാലാകാം ബ്രാഹ്മണക്കണ്ടയെന്ന് പേരുണ്ടായത്. 25 സെന്റിമീറ്റർ വളരും. പരിമിതമായ അവാസവ്യവസ്ഥയും ഭക്ഷണത്തിനായി കോമൺ കാർപ്പ്, തിലാപ്പിയ, ആഫ്രിക്കൻ മുഷി എന്നീ മത്സ്യങ്ങളുമായുള്ള മത്സരവും കാരണം ബ്രാഹ്മണക്കണ്ടയുടെ നിലനിൽപ്പ് ഭീഷണിയിലാണ്.
'പഠനത്തിലെ കണ്ടെത്തൽ ബ്രാഹ്മണക്കണ്ടയുടെ സംരക്ഷണത്തിനുള്ള പദ്ധതികൾക്ക് പ്രയോജനപ്പെടും'.
ഡോ.രാജീവ് രാഘവൻ