
തൃശൂർ : ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് നടത്തുന്ന പദ്ധതികൾ മാതൃകയാണെന്ന് റവന്യൂമന്ത്രി കെ.രാജൻ. 28 വയസ് തികഞ്ഞ ജില്ലാ പഞ്ചായത്തിന്റെ 28 ഇന കർമ്മ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് അദ്ധ്യക്ഷനായി. സമേതം പദ്ധതിരേഖ 2023-24 ന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മന്ത്രിക്ക് കൈമാറി നിർവഹിച്ചു. അംഗൻവാടികൾക്കുള്ള വാട്ടർ പ്യൂരിഫയർ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ നിർവഹിച്ചു.
കാർഷിക മേഖലയിലേക്കുള്ള മോട്ടോർ പമ്പ് സെറ്റ് വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജുള അരുണനും ലാപ് ടോപ്പ്, ഹോമിയോ ആശുപത്രിയിലേക്കുള്ള ഹോർമോൺ അനലൈസർ എന്നിവയുടെ സമർപ്പണം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപറമ്പിലും നിർവഹിച്ചു. സുശാന്തം കെട്ടിട രണ്ടാംഘട്ട നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം.അഹമ്മദും ഗ്രന്ഥശാലകൾക്കുള്ള കസേര വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ദീപ എസ്.നായരും നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എസ്.ബസന്ത് ലാൽ, ജില്ലാ പഞ്ചായത്ത് മെമ്പർ എ.വി.വല്ലഭൻ, സെക്രട്ടറി പി.എസ്.ഷിബു തുടങ്ങിയവർ പങ്കെടുത്തു.