കൊടുങ്ങല്ലൂർ: ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റുകളും മതിലും ഇടിച്ചു തകർത്തത് ഏറെ നേരത്തെ ഗതാഗത തടസത്തിന് കാരണമായി. ഇന്നലെ പുലർച്ചെ ഒരു മണിയോടെ ദേശീയപാത അരാകുളം ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം ഉണ്ടായത്. വൈദ്യുതി പോസ്റ്റ് തകർന്നതോടെ പ്രദേശം ഇരുട്ടിലാവുകയും ചെയ്തു. ടി.കെ.എസ് പുരത്ത് നിന്നും കൊടുങ്ങല്ലൂരിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. എതിരെ വന്ന കണ്ടെയ്‌നർ ലോറിക്ക് വഴിയൊഴിഞ്ഞു കൊടുക്കുന്നതിനിടയിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റുകളിലും മതിലിലും ചെന്ന് ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് പ്രദേശത്ത് വൈദ്യുതി വിതരണവും ഗതാഗതവും മണിക്കൂറുകളോളം തടസപ്പെട്ടു.
രാവിലെ 10 മണിയോടെ വൈദ്യുതി പോസ്റ്റുകൾ മാറ്റിയിടുന്ന ജോലികൾ ആരംഭിച്ചതോടെയാണ് ദേശീയപാതയിൽ ഗതാഗതസ്തംഭനം ആരംഭിച്ചത്. ടി.കെ.എസ് പുരം മുതൽ വടക്കേനട വരെ മണിക്കൂറോളം വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. കൊടുങ്ങല്ലൂർ ബൈപാസിൽ ദേശീയപാത വികസന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇതുവഴിയുളള ഗതാഗതം തടഞ്ഞിരിക്കുകയാണ്. പകരം വാഹനങ്ങൾ എറണാകുളത്തേക്ക് പോകാൻ ഉപയോഗിക്കുന്ന റോഡിലാണ് അപകടവും ഗതാഗത കുരുക്കും മണിക്കൂറോളം അനുഭവപ്പെട്ടത്. കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി ശബരിമലയിലേക്ക് പോകുന്ന അയ്യപ്പഭക്തരുടെ വാഹനങ്ങളും ഗതാഗത കുരുക്കിൽപ്പെട്ടു. ഗതാഗത നിയന്ത്രണത്തിന് പൊലീസ് ഉണ്ടാകാതിരുന്നതാണ് ദേശീയപാതയിൽ ഗതാഗത കുരുക്കിന് കാരണമായതെന്ന് ആക്ഷേപമുണ്ട്. നാട്ടുകാരും വാഹന ഡ്രൈവർമാരും മറ്റുമാണ് ഗതാഗതം നിയന്ത്രിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടര വരെ റോഡിൽ വാഹനത്തിരക്കായിരുന്നു.